ന്യൂദല്‍ഹി:പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയോ എന്തെങ്കിലും നടപടിയെടുക്കുകയോ ചെയ്‌തോ എന്നത് സംശയകരമാണെന്ന് ഇന്റലിജന്‍സ്. ചില ജയ്‌ഷെ നേതാക്കളെ അറസ്റ്റ് ചെയ്തതായും ഓഫീസുകള്‍ സീല്‍ ചെയ്തതായും നേരത്തെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാല്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ മൗനം പാലിക്കുകയാണ്.അതേസമയം അറസ്റ്റിലായ ജയ്‌ഷെ ഭീകരര്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി നേരിട്ട് ബന്ധമില്ലാത്തവരാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യവും പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. ഭാരതം കൈമാറിയ മൊബൈല്‍ നമ്പറുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്ന വിശദീകരണവും പൂര്‍ണമായി അംഗീകരിയ്‌ക്കാന്‍ ഇന്റലിജന്‍സിന് കഴിയുന്നില്ല. മുംബൈ ഭീകരാക്രമണ കേസ് അന്വേഷണത്തില്‍ പാകിസ്താന്‍ കാട്ടിയ അലംഭാവം പത്താന്‍കോട്ടിലും തുടരുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.
അസ്ഹറിനെ കസ്റ്റഡിയിലെടുത്തു എന്നത് പോലും ഇന്റലിജന്‍സ് പൂര്‍ണമായും വിശ്വസിയ്‌ക്കുന്നില്ല. ജയ്ഷ് ഇ മുഹമ്മദ് പാകിസ്ഥാന്‍നില്‍ നിരോധിയ്‌ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഐ.എസ്.ഐയുടെ ശക്തമായ പിന്തുണ അതിനുണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടി പ്രതീക്ഷിയ്‌ക്കാന്‍ കഴിയില്ലെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.
















