പൂച്ചാക്കല്‍: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂച്ചാക്കല്‍ ചന്തയിലെ മത്സ്യവ്യാപാര ഹാളിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഈ മാസം പൂര്‍ത്തിയാകും.
ഇതോടെ തൈക്കാട്ടുശേരി, പള്ളിപ്പുറം, പൂച്ചാക്കല്‍, പാണാവള്ളി തുടങ്ങി ഒട്ടെറെ പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്.
തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനുളള ലോക ബാങ്ക് സഹായമായ ഒരു കോടി രുപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ 55 ലക്ഷം രുപയുടെയും പിന്നീട് 45 ലക്ഷം രുപയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ചന്തയ്‌ക്കുള്ളിലെ തുറ വ്യാപാര ഹാളിന്റെ തറ കോണ്‍ക്രിറ്റ്, വശങ്ങളുടെ നിര്‍മ്മാണം, മുകള്‍ ഭാഗത്തെ ഷീറ്റുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. ചന്തയ്‌ക്കുള്ളില്‍ തന്നെ ഇരുവശങ്ങളില്‍ റോഡും ഹാളിന്റെ ഒരു ഭാഗത്ത് എട്ടു കടമുറികളും നിര്‍മ്മിക്കുന്നുണ്ട്. വ്യാപാരഹാളിന്റെ ഇരുവശങ്ങളിലായി മുഴുവന്‍ മല്‍സ്യവ്യാപാരികള്‍ക്കും വില്‍പ്പന സൗകര്യം നല്‍കും.
കര്‍ഷകര്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പങ്ങള്‍ വില്‍പ്പന നടത്തുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ഓടകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, തെരുവുവിളക്കൂകള്‍, ശുചിമുറികള്‍, പ്രവേശന കവാടം, നിരത്തുകളില്‍ ടയില്‍ പാകല്‍ തുടങ്ങിയ പദ്ധതികളും ചെയ്യുന്നുണ്ട്. നൂറുകണക്കിനു വാഹനങ്ങളും ജനങ്ങളും ദിവസേന എത്തുന്ന പൂച്ചാക്കല്‍ ചന്ത വര്‍ഷങ്ങളായി ശോച്യാവസ്ഥയിരുന്നു. മഴക്കാലമെത്തിയാല്‍ വെള്ളക്കെട്ടും മാലിന്യങ്ങളും ചന്തയ്‌ക്കുള്ളില്‍ നിറഞ്ഞിരുന്നു.
















