ന്യൂദല്‍ഹി: ഗോവധ നിരോധന നിയമത്തിന്റെ മറവില്‍ തന്നേയും കുടുംബത്തേയും ചിലര്‍ മനപ്പൂര്‍വ്വം ഉപദ്രിക്കുന്നെന്ന് ഭാരത ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ പ്രമുഖ ഇംഗ്‌ളീഷ് നല്‍കിയ അഭിമുഖത്തിലാണ് അഹമ്മദിന്റെ പ്രസ്താവന .
ഗോവധവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനെത്തിയ പോലീസിനെ തടഞ്ഞെന്നും അവരെ കൂട്ടമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് ഹസീബിനെതിരെയുള്ള കേസ്. അതേസമയം സംഭവം കണ്ടുകൊണ്ടിരുന്ന തന്റെ മകനെ അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നു. വൈരാഗ്യം തീര്‍ക്കാന്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഷമി ഇന്ത്യന്‍ ടീമില്‍ കളിയ്‌ക്കുന്നതിന്റെ അസൂയയും വ്യക്തിപരമായ വിരോധങ്ങളും കാരണം ചിലര്‍ തന്റെ കുടുംബത്തിനെ മനപ്പൂര്‍വ്വം ഉപദ്രവിക്കുന്നതാണിതെന്നും അഹമ്മദ് പറയുന്നു.
അതേസമയം ഗോവധത്തിനെതിരെ നടപടി സ്വീകരിക്കാനെത്തിയ പോലീസിനെ ഹസീബ് അക്രമാസക്തമായി തടഞ്ഞെന്ന നിലപാടില്‍ തന്നെയാണ് പോലീസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹസീബിനെ അറസ്റ്റുചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
















