ന്യൂദല്‍ഹി: പഞ്ചാബ് എസ്.പി സല്‍വീന്ദര്‍സിങിന് പാക്-അഫ്ഗാന്‍ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ഇയാളെ അടുത്തയാഴ്ച നുണപരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നാലു ദിവസങ്ങളാണ് സല്‍വീന്ദര്‍സിങിനെ ചോദ്യം ചെയ്തത്. മൊഴികള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാലാണ് ഇയാളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.
സല്‍വീന്ദറിന് പുറമേ ഇയാളുടെ സ്വര്‍ണ്ണക്കടയുടമയായ സുഹൃത്ത് രാജേഷ് വര്‍മ്മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരെയും എന്‍ഐഎ നിരവധി തവണ ചോദ്യം ചെയ്തു. അതിര്‍ത്തിയിലുള്ള പഞ്ച്പീര്‍ ദര്‍ഘയുടെ മേല്‍നോട്ടച്ചുമതലയുള്ള സോംരാജിനെയും ചോദ്യം ചെയ്തിട്ടുണ്ട്. നാലുപേരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സ്ഥിരീകരിച്ചു.
അതിര്‍ത്തി ഗ്രാമത്തിലുള്ള ഗര്‍ഗയില്‍ പോയി മടങ്ങുന്നതിനിടെയാണ് എസ്പിയുടെ വാഹനം ഭീകരര്‍ തട്ടിയെടുത്ത് എസ്പിയെ ബന്ദിയാക്കി പത്താന്‍കോട്ടിലേക്ക് കടക്കുന്നതെന്നാണ് സല്‍വീന്ദര്‍സിങിന്റെ മൊഴി. എന്നാല്‍ ഇയാള്‍ പറയുന്ന സമയത്തിലെ വൈരുധ്യങ്ങളാണ് എന്‍ഐഎയെ സംശയിപ്പിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സല്‍വീന്ദറിന് പാക് അതിര്‍ത്തിയില്‍ സജീവമായ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ലഹരികടത്തുകാര്‍ ഉപയോഗിക്കുന്ന പാതയിലൂടെയാണ് അതിര്‍ത്തിരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് ഭീകരര്‍ നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി കള്ളക്കടത്താണ് പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് പ്രതിവര്‍ഷം നടക്കുന്നതെന്നാണ് കണക്ക്.
















