ന്യൂദല്‍ഹി: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മുംബൈ സ്വദേശിയായ എന്‍ജിനിയര്‍ നേഹല്‍ ഹമീദ് അന്‍സാരി പാകിസ്ഥാന്‍ ജയിലിലുള്ളതായി റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനി സൈന്യ കോടതിയില്‍ ഇയാല്‍ ഇപ്പോള്‍ നിയമനടപടികള്‍ നേരിടുകയാണ്. എന്നാല്‍ അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. പതിനെട്ടുമാസത്തോളമായി കേസില്‍ വിചാരണ നടന്നുവരികയാണ്.
2012 നവംബര്‍ 12നാണ് ഹമീദ് അന്‍സാരിയെ കാണാതാവുന്നത്. ജോലി അന്വേഷിച്ച് അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തിയതായിരുന്നു ഇയാള്‍. പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഇയാളുണ്ടെന്ന് പാക് സൈന്യം സ്ഥിരീകരിച്ചതായി അന്‍സാരിയുടെ മതാവ് ഫൗസിയ അന്‍സാരി വ്യക്തമാക്കി.
അതേസമയം, മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്നും ഇവര്‍ക്കറിയില്ല. ഹമീദിനെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.
മുംബൈയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ഹമീദ് അന്‍സാരി കുറച്ചുകാലം മുംബൈയില്‍ ഒരു കോളേജ് ലക്ച്ചററായി ജോലി ചെയ്തിരുന്നു.
പിന്നീട് വ്യോമയാനമേഖലയില്‍ ആകൃഷ്ടനായി ജോലിക്ക് വേണ്ടിയായിരുന്നു ഫ്ഗാനിസ്ഥാനില്‍ എത്തുകയായിരുന്നു. 2012 നവംബര്‍ 4ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ മകന്‍ നവംബര്‍ 15ന് തിരിച്ചുവരുമെന്നാണ് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ഫൗസിയ പറയുന്നു.
















