ന്യൂദല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് ഫെബ്രുവരി 29ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. അടുത്ത മൂന്നുവര്‍ഷം മുന്നില്‍ക്കണ്ടുള്ള മാര്‍ഗരേഖയാകും പൊതുബജറ്റെന്ന് കേന്ദ്രധനകാര്യസഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
ഫെബ്രുവരി 22ന് ബജറ്റ് സമ്മേളനം ആരംഭിക്കും. 27ന് റെയില്‍ ബജറ്റ്. കഴിഞ്ഞ വര്‍ഷം ശനിയാഴ്ചയായിരുന്നു പൊതുബജറ്റ്. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള മുന്‍കരുതലായിട്ടാണ് ശനിയാഴ്ച ബജറ്റവതരിപ്പിച്ചത്. എന്നാല്‍ ഇത്തവണ തിങ്കളാഴ്ചയാണ് പൊതുബജറ്റ്. വിപണിയെ ദോഷകരമായി ബാധിക്കുന്ന യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനകളാണ് ഇത് നല്‍കുന്നത്.
ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ 7-7.5 ശതമാനം വളര്‍ച്ചാ നിരക്കാണ് ഭാരതം നിലവില്‍ കൈവരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ധനസെക്രട്ടറി രതന്‍ വതല്‍, സാമ്പത്തികകാര്യ സെക്രട്ടഖി ശക്തികാന്ത ദാസ്, റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ എന്നിവരാണ് ബജറ്റ് തയ്യാറാക്കുന്ന ഔദ്യോഗിക സംഘം.
















