കോഴിക്കോട്: കല്ലായി പുഴിയിലെ കയ്യേറ്റ പ്രശ്‌നത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാടിലെ കാപട്യം പുറത്താകുന്നു. കയ്യേറ്റക്കാരുടെ വക്കാലത്തുമായി അധികാര കേന്ദ്രങ്ങള്‍ കയറി നിരങ്ങുന്നതും കേസ് നടത്തുന്നതും ജില്ലയിലെ പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവാണെന്നും ആരോപണമുയര്‍ന്നു. യുഡിഎഫ് ഭരണകാലത്ത് നടന്ന കയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയായിരുന്നു. സുധീരന്റെ നിലപാട് തികഞ്ഞ കാപട്യമാണെന്ന് എ. പ്രദീപ്കുമാര്‍ എംഎല്‍എ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പുഴ സന്ദര്‍ശിച്ച ശേഷം കയ്യേറ്റത്തിനെതിരെ വാചാലനായ സുധീരന്‍ കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത് യുഡിഎഫ് സര്‍ക്കാരും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുമാണെന്ന വസ്തുതയ്‌ക്ക് നേരെ കണ്ണടയ്‌ക്കുകയാണ്.
വര്‍ഷങ്ങളായി കയ്യേറ്റത്തിനു വിധേയമായ കല്ലായ് പുഴ ഇവര്‍ പുഴയല്ലാതാക്കി മാറ്റിയിരിക്കുന്നു.എല്‍ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒഴിപ്പിക്കപ്പെട്ട സ്ഥലം പോലും യുഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും കയ്യേറപ്പെടുന്ന സ്ഥിതിയുണ്ടായി. നൂറുകണക്കിന് ഏക്കര്‍ വരുന്ന പുഴയാണിപ്പോള്‍ കയ്യേറിയിരിക്കുന്നത്. കയ്യേറപ്പെട്ട സ്ഥലം കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കാനുള്ള വിചിത്രമായ ഉത്തരവാണിപ്പോള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂ മന്ത്രിയുമാണതിന് പിന്നില്‍. വന്‍ അഴിമതി ഈ നടപടിക്കു പിന്നിലുണ്ട്.
















