കൊച്ചി: ചിന്മയ സ്കൂളുകളുടെ ദേശീയ കായികമേള ‘ഖേല്‍ മേള 2016’ 19 മുതല്‍ 22 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. 19ന് വൈകിട്ട് 5ന് ചിന്മയ മിഷന് ആഗോളാചാര്യന്‍ സ്വാമി തേജോമയാനന്ദ ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിക്കും.
രാജ്യത്തെ 82 ചിന്മയ വിദ്യാലയങ്ങളില്‍ നിന്നുള്ള 1200ഓളം കായികതാരങ്ങളും 150 പരിശീലകരും പങ്കെടുക്കുന്ന കായികമേള അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ വടുതല ചിന്മയ വിദ്യാലയമാണ് മേള സംഘടിപ്പിക്കുന്നത്. 22നു വൈകിട്ട് 3.30ന് സമാപനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഒളിംപ്യന്‍ പി.ടി. ഉഷ എന്നിവര്‍ പങ്കെടുക്കും.
ചിന്മയ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി വര്‍ഷത്തോടനുബന്ധിച്ചാണ് അദ്ദേഹം ജനിച്ച നാട്ടിലേക്ക് കായികമേള എത്തുന്നതെന്നു ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പല്‍ മായാ മോഹന്‍ പറഞ്ഞു. മേളയുടെ പ്രചരണാര്‍ത്ഥം ഇന്ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവില്‍ ഫഌഷ് മോബും 16ന് വൈകിട്ട് അഞ്ചിനു മറൈന്‍ ഡ്രൈവില്‍ നിന്നു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് കൂട്ടയോട്ടവും നടക്കും. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.ആര്.പൈ, കായികവിഭാഗം മേധാവി ശോഭാ മോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: