മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ സെവിയ ക്വാര്‍ട്ടറിലെത്തി. ആദ്യപാദത്തില്‍ 2-0ന് വിജയിച്ച സെവിയ ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്തു. ഇതോടെ ഇരുപാദങ്ങളിലുമായി 6-0ന്റെ വിജയവുമായാണ് സെവിയ അവസാന എട്ടിലേക്ക് കുതിച്ചത്. സെവിയക്ക് വേണ്ടി നാലാം മനിറ്റില്‍ റെയ്‌സും 35-ാം മിനിറ്റില്‍ ആദില്‍ റാമിയും 73-ാം മിനിറ്റില്‍ കെവിന്‍ ഗാമിയേറോയും 89-ാം മിനിറ്റില്‍ ഗെയ്ല്‍ കാകുടയും ലക്ഷ്യം കണ്ടു.
മറ്റൊരു മത്സരത്തില്‍ ഡി പോര്‍ട്ടീവോ ലാ കൊരൂണയെ അട്ടിമറിച്ച് മിറാന്‍ഡസ് ക്വാര്‍ട്ടറിലെത്തി. സ്വന്തം മണ്ണില്‍ നടന്ന രണ്ടാം പാദത്തില്‍ നേടിയ 3-0ന്റെ തകര്‍പ്പന്‍ വിജയമാണ് മിറാന്‍ഡസിനെ അവസാന എട്ടില്‍ എത്തിച്ചത്. ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയമാണ് മിറാന്‍ഡസ് സ്വന്തമാക്കിയത്.
















