മാഡ്രിഡ്: ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധനിരതാരം റോബര്‍ട്ടോ കാര്‍ലോസ് റയലിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ കളിക്കാരനയല്ല, മറിച്ച് കോച്ച് സിനദിന്‍ സിദാന്റെ ബാക്ക് റൂം സ്റ്റാഫായാണെന്നു മാത്രം.
നിലവില്‍ ഐഎസ്എല്ലില്‍ ദല്‍ഹി ഡൈനാമോസിന്റെ മാനേജറും കളിക്കാരനുമാണ് കാര്‍ലോസ്. റയല്‍ മാഡ്രിഡിനുവേണ്ടി 1996 മുതല്‍ 2007 വരെ, 512 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. പുതിയ കോച്ചായി സിദാന്‍ സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് കാര്‍ലോസിന്റെ നീക്കം. റയലില്‍ കാര്‍ലോസിന്റെ സഹതാരമായിരുന്നു സിദാന്‍. ബ്രസീലിന്റെയും ബാഴ്‌സയുടെയും സൂപ്പര്‍താരവുമായ നെയ്‌മറെയും കാര്‍ലോസ് മാഡ്രിഡിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
റയലുമായി കാര്‍ലോസ് ചര്‍ച്ച നടത്തികഴിഞ്ഞു. തീരുമാനം ഉടനെ ഉണ്ടാവുമെന്നാണറിയുന്നത്. റാഫേല്‍ ബെനിറ്റസിനെ മാറ്റി സിദാനെ കോച്ചായി നിയമിച്ചതില്‍ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിനെ കാര്‍ലോസ് പ്രശംസിച്ചിരുന്നു. ഒരു കോച്ച് കളിക്കാര്‍ക്ക് സുഹൃത്ത് കുടിയായിരിക്കണം. നിര്‍ഭാഗ്യവശാല്‍ ബെനിറ്റസിന് അത് അത് സാധിച്ചില്ല. സിദാന്‍ നല്ല വഴികാട്ടിയാണ്. നല്ല വ്യക്തിയും. അദ്ദേഹത്തിന് പുതിയ റോളില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നും കാര്‍ലോസ് പറഞ്ഞു.
അതേസമയം നെയ്‌മര്‍ ബാര്‍സലോണ വിടണമെന്നും കാര്‍ലോസ് അഭിപ്രായപ്പെട്ടു. നെയ്‌മറിനെ റയലിലേക്ക് കൊണ്ടു വരണം. അയാള്‍ ചെറുപ്പമാണെന്നും നല്ലൊരു ഭാവിയുണ്ടെന്നും പറഞ്ഞ കാര്‍ലോസ് അടുത്ത പ്രാവശ്യം നെയ്‌മര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുമെന്നും കൂട്ടിച്ചേര്‍ത്തു.
















