ന്യൂദല്‍ഹി: നാമമാത്രമായ വിഹിതം കര്‍ഷകരില്‍നിന്ന് ഈടാക്കി, പുതിയ സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 9500 കോടി രൂപയുടെ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്‌ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പുതിയ കര്‍ഷക ക്ഷേമ പദ്ധതിയെ വിവിധ സംഘനകളും നേതാക്കളും സാമ്പത്തിക മേഖലയും സ്വാഗതം ചെയ്തു. വിളനാശം, പ്രകൃതിദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ലഭിക്കും. കേരളത്തിലെ മുഴുവന്‍ കാര്‍ഷിക മേഖലയ്‌ക്കും ഇതിന്റെ പ്രയോജനം കിട്ടും.
ഇന്‍ഷുറന്‍സ് തുകയുടെ രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനമേ കര്‍ഷകന്‍’അടയ്‌ക്കേണ്ടതുള്ളു. ബാക്കി പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്‌ക്കും. ഖാരിഫ് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ രണ്ട് ശതമാനവും റാബി വിളകള്‍ക്ക് ഒന്നരശതമാനവും മാത്രമാണ് കര്‍ഷകര്‍ അടയ്‌ക്കേണ്ടത്. വാര്‍ഷിക, വാണിജ്യ, തോട്ടകൃഷി വിളകള്‍ക്ക് അഞ്ച് ശതമാനമേ കര്‍ഷകന്‍ അടയ്‌ക്കേണ്ടൂ. ബാക്കി പ്രീമിയം തുക കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും. 9,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
നെല്ല്, റബ്ബര്‍, തോട്ടം കൃഷി മേഖലയില്‍ മുഴുവന്‍ പ്രധാനമന്ത്രി ഫസല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായിരിക്കും.
വിളനാശം, പ്രകൃതി ദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയ്‌ക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. അവശേഷിക്കുന്ന പ്രീമിയം 90 ശതമാനം ആയിരുന്നാലും അത് കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കും.
മുന്‍പ് പ്രീമിയം നിരക്കിലെ പരിധി മൂലം കര്‍ഷകരുടെ നഷ്ടപരിഹാര തുക പൂര്‍ണ്ണമായും ലഭിയ്‌ക്കാതെ വെട്ടിക്കുറവ് സംഭവിച്ചിരുന്നു. പ്രീമിയം സബ്‌സിഡിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിയന്ത്രണം വരുത്തുന്നതിനായാണ് ഇത്തരത്തില്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നത്. പരിധി നിയന്ത്രണം നീക്കിയതിനാല്‍ ഇനി മുതല്‍ ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് അവകാശപ്പെടാം. ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്മാര്‍ട്ട് ഫോണുകളുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രൂക്ഷമായ വരള്‍ച്ച മൂലം തുടര്‍ച്ചയായ രണ്ടു കൊല്ലം രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. നടത്തിപ്പിലെ പാകപ്പിഴ മൂലം നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയും എന്‍എഐഎസ് പദ്ധതിയുമാണ് പിന്‍വലിച്ചത്. നിലവിലുണ്ടായിരുന്ന പദ്ധതികള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ 25 ശമതാനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ പദ്ധതി 50 ശതമാനം മേഖലയിലും സംരക്ഷണം നല്‍കും.
ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
















