ആലുവ: ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വന്ന കല്ലട ബസിലെ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം തൃശൂര്‍ സ്വദേശിയിലേയ്‌ക്ക്. ഇടയ്‌ക്കുവച്ച് ബസില്‍ കയറി തൃശൂരില്‍ ഇറങ്ങിയ ഇയാള്‍ തൃശൂര്‍ സ്വദേശിയാണോയെന്നതും വ്യക്തമല്ല. യാത്രക്കാരേറെയും ഇറങ്ങിയ സമയമായതിനാല്‍ ഈ യാത്രക്കാരന്റെ രൂപം പോലും ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ കൃത്യമായി ഓര്‍ക്കുന്നില്ല. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ട ആളെ കേന്ദ്രീകരിച്ചും ഒട്ടേറെ അന്വേഷണം തുടരുന്നുണ്ട്. സ്വര്‍ണം കൊണ്ടുവന്നതും സ്വര്‍ണം കൈമാറാന്‍ ലക്ഷ്യമിട്ടതുമായ ജ്വല്ലറികളിലെ ചില ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇവരില്‍ ചിലരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
















