ന്യൂദല്‍ഹി: പുനെയിലെ മുള- മുഠ നദി മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ (ജെഐസിഎ) നിന്നും വായ്‌പയെടുക്കുന്നതിനുള്ള കരാറില്‍ ഭാരത സര്‍ക്കാര്‍ ഒപ്പുവെച്ചു. ദേശീയ നദി പുനരുജ്ജീവന പദ്ധതിയില്‍ (എന്‍ആര്‍സിപി) ഉള്‍പ്പെടുത്തി മാലിന്യവിമുക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവഡേകറിന്റെ അധ്യക്ഷതയിലാണ് ജപ്പാനുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം 1000 കോടി രൂപയുടെ (19.064 ബില്യണ്‍ യെന്‍) വായ്‌പ ജെഐസിഎ ഭാരതത്തിനു നല്‍കും.
പ്രതിവര്‍ഷം 0.30ശതമാനം പലിശയിലാണ് വായ്‌പ അനുവദിച്ചിരിക്കുന്നത്. ജപ്പാനുമായുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇത്. ചരിത്രപ്രധാനമായ ഉടമ്പടിയാണ് ഇതെന്നും ജാവഡേക്കര്‍ കരാറില്‍ ഒപ്പുവെച്ചശേഷം അറിയിച്ചു.
990.26 കോടിരൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് വകയിരുത്തുന്നത്. പൂനെ മുനിപ്പല്‍ കോര്‍പ്പറേഷനും ഭാരത സര്‍ക്കാരും തമ്മില്‍ 85:15 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പിലാക്കുക. 10 വര്‍ഷത്തെ അധിക കാലാവധിയടക്കം 40 വര്‍ഷത്തിനുള്ളില്‍ വായ്‌പ തുകയിനത്തില്‍ 148.54 കോടി രൂപ പൂനെ മുനിസിപ്പാലിറ്റി കേന്ദ്ര സര്‍ക്കാരില്‍ തിരിച്ചടയ്‌ക്കുന്നതാണ്. 2020ഓടെ മുള- മുഠ നദിയുടെ പുനരുജ്ജീവന പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നദിയ്‌ക്കു സമീപത്ത് മാലിനജലം ഒഴുക്കി കളയുന്നതിനായി 11 അഴുക്കുചാലുകളും നിര്‍മിക്കുന്നുണ്ട്. ഇതുകൂടാതെ ചേരി പ്രദേശങ്ങളില്‍ 24 യുണിറ്റ് പൊതു ശൗച്യാലയങ്ങള്‍ സ്ഥാപിക്കാനും ഇതോടൊപ്പം വകയിരുത്തുന്നുണ്ട്. ജെഐസിഎ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുക.
നദികളിലേയും ശുദ്ധജല തടാകങ്ങളിലേയും മാലിന്യത്തിന്റെ അളവ് പ്രതിദിനം വര്‍ദ്ധിച്ചു വരുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കുടാതെ പ്രദേശവാസികള്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങളും ലഭിക്കും. രാജ്യത്തെ മലിനീകരണ ഭീഷണി നേരിടുന്ന 302 നദികളില്‍ ഒന്നാണ് മുള- മുഠ.
















