പട്ടിമറ്റം: ജയിലില്‍നിന്നിറങ്ങി ഒരുമാസം കൊണ്ട് അഞ്ചോളം ക്ഷേത്രങ്ങളിലും വീടുകളിലും കവര്‍ച്ച നടത്തിയ സംഘത്തെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല, ചേന്നം വില്ലേജില്‍ പള്ളിപ്പുറത്ത് അമ്പനാട്ട്‌വീട്ടില്‍ മഹേഷ്(43), ഇടുക്കി പാറത്തോട് ശൂലപ്പാറ ആണ്ടൂതറപ്പേല്‍ വീട്ടില്‍ ബിജു കുമാര്‍ (36), തമിഴ്‌നാട്, മധുര വിളക്കുതെരുവ് മാട്ടിത്താവണി പിള്ളയാര്‍തെരുവ് പാട്ടംപെട്ടിയാറില്‍നിന്നും വന്ന് പോഞ്ഞാശ്ശേരി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന മണികണ്ഠന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ കോടനാട് പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പണവും മറ്റ് ആഭരണങ്ങളും കവര്‍ന്നതായും, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് പുറകുവശത്തുള്ള ശ്രീകുമാര മല്ലഞ്ചിറ ക്ഷേത്രത്തില്‍ കവര്‍ച്ചനടത്തി പണവും ആഭരണങ്ങളും, കവര്‍ച്ച നടത്തിയതായി സമ്മതിച്ചു. വാഴക്കുളം പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ മടക്കത്താനം അച്ചന്‍കവല ഭാഗത്ത് കുറിഞ്ഞിലക്കാട് ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി പണം കവര്‍ന്നതായും ആലുവ പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ അസ്സിസ്സി ജംഗ്ഷനില്‍ വെങ്ങാലില്‍ ജോര്‍ജ്ജിന്റെ വീട് കുത്തിതുറന്ന് പണവും മറ്റ് വീട്ട് ഉപകരണങ്ങളും കുറുപ്പംപടി പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ ചെറുകുന്നം ഭാഗത്ത് ചേന്നോത്ത് അനി എന്നയാളുടെ വീട്കുത്തി തുറന്ന് പണവും, ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവയും, വാഴക്കുളം പോലീസ്സ് സ്‌റ്റേഷന്‍ പരിധിയില്‍ മടക്കത്താനം അച്ചന്‍കവല ഭാഗത്ത് വീട്കുത്തിതുറന്ന് പണവും വിലകൂടി തുണിത്തരങ്ങളും മോഷ്ടിച്ചതായും പറയുന്നു. ഒന്നാം പ്രതി മഹേഷ് പ്രസിദ്ധമായ പിറവം പാഴൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ ആളും 60ഓളം മോഷണ ക്കേസ്സുകളിലെ പ്രതിയുമാണ്. കോടതിയില്‍ ഹാജരാക്കിയപ്രതികളെ റിമാന്റ് ചെയ്തു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.മനോജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അടുത്ത കാലത്ത് മഴുവന്നൂര്‍ ഭാഗത്തുണ്ടായ മോഷണ കേസ്സിലെ പ്രതികളെ അന്വേഷിച്ചു വരവെയാണ് സംഘം കുന്നത്തുനാട് പോലീസ് പിടിയിലായത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്. ടീം അംഗങ്ങളായ അഡീഷണല്‍ എസ്‌ഐ കെ.എന്‍. പ്രഭാകരന്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ ബേബിച്ചന്‍ എസ്‌സിപിഒമാരായ മുഹമ്മദ് ഇക്ബാല്‍, ജേക്കബ്, സുജിത്ത്, ജലീല്‍, വിനില്‍കുമാര്‍ ഷിബു, പൗലോസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
















