ബ്യൂണസ് അയേഴ്‌സ്: ഈ വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ അര്‍ജന്റീയെ നയിക്കാന്‍ മെസ്സി ഉണ്ടാവില്ലെന്ന് സൂചന. തിരക്കിട്ട ഷെഡ്യൂളിനിടെ ഒളിമ്പിക്‌സില്‍ കൂടി കളിപ്പിക്കുന്നത് മെസ്സിയെ നശിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് അര്‍ജന്റീനയുടെ പരിശീലകന്‍ ഗെരാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു.
ഒളിമ്പിക്‌സില്‍ നിന്ന് വിട്ടു നിന്നാല്‍ മാത്രമേ മെസ്സിയെ ഈ വര്‍ഷം ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റിലും തുടര്‍ന്ന് ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലും കളിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും മാര്‍ട്ടിനോ പറഞ്ഞു. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന് മെസ്സി പൂര്‍ണമായും ഫിറ്റാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ആഗസ്റ്റ് 5 മുതല്‍ 21 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്.
അതേസമയം, ഒളിമ്പിക്‌സില്‍ കളിക്കുന്നത് സംബന്ധിച്ച് മെസ്സിയുടെ അഭിപ്രായം താന്‍ തേടിയിട്ടില്ലെന്നും മാര്‍ട്ടിനോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാലിനേറ്റ പരിക്ക് കണക്കിലെടുക്കുമ്പോള്‍ മെസ്സിക്ക് ഒളിമ്പിക്‌സില്‍ കളിക്കാന്‍ താത്പര്യമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മാര്‍ട്ടിനോ പറഞ്ഞു.
















