ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.65 ലക്ഷം കോടി രൂപയുടെ ബീഹാര്‍ പ്രത്യേക പാക്കേജ് യാഥാര്‍ത്ഥ്യത്തിലേക്ക്. ബിജെപി ബീഹാര്‍ സംസ്ഥാന നേതൃത്വവും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പാക്കേജ് അന്തിമ ഘട്ടത്തിലാണെന്നും ബീഹാറിലെ ജനങ്ങളുടെ വികസനത്തിനായാണ് പാക്കേജെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഏതെങ്കിലുമൊരു സര്‍ക്കാരിനു വേണ്ടിയുള്ള പാക്കേജല്ല കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ബിജെപി ബീഹാര്‍ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുമായി ബിജെപി സംസ്ഥാന നേതാക്കളായ സുശീല്‍കുമാര്‍ മോദി, പ്രേംകുമാര്‍, മംഗള്‍ പാണ്ഡെ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാക്കേജ് നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പാക്കേജിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണ്. നിരന്തരമായ മേല്‍നോട്ടം പദ്ധതികളുടെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുന്നുണ്ട്.
പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി ബീഹാര്‍ ബിജെപി നേതൃത്വം നിരവധി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് സുശീല്‍കുമാര്‍ മോദി പറഞ്ഞു. ബിജെപിക്ക് ഭരണം ലഭിക്കാത്തതു മൂലം ബീഹാറിന്റെ പ്രത്യേക പാക്കേജ് നടപ്പാക്കുമോ എന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഇല്ലാതാക്കാനാണ് സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനം സ്വീകരിച്ചതെന്നും സുശീല്‍കുമാര്‍ മോദി പറഞ്ഞു.
പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രിമാര്‍ ബീഹാര്‍ നേതൃത്വത്തിന് ഉറപ്പുനല്‍കി. പാക്കേജില്‍ ഉള്‍പ്പെട്ട് പാട്‌നയിലും മുങ്കറിലും ഗംഗാ നദിക്കു കുറുകേ രണ്ട് വലിയ പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. മഹാത്മാഗാന്ധി സേതുവിലെ റോഡ് നിര്‍മ്മാണത്തിനായി ഗതാഗതമന്ത്രാലയം 1,800 കോടി അനുവദിച്ചിട്ടുണ്ട്. 4000 മെഗാവാട്ടിന്റെ ബങ്ക ഊര്‍ജ്ജ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പീയൂഷ് ഗോയലും അറിയിച്ചു.
















