രാമപുരം: കൂടപ്പുലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന തുകല്‍ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. യൂണിറ്റിന്റെ പരിസരത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി ഉടന്‍ അടച്ചു പൂട്ടണമെന്ന കോടതി വിധി ഉണ്ടായിട്ടും അത് നടപ്പായിട്ടില്ല. യൂണിറ്റിന്റെ പരിസരത്തെ അന്‍പതോളം കിണറുകളിലെ വെള്ളത്തിന് ഉപ്പുരസമാണ്. ഇതിനെതുടര്‍ന്ന് ഇന്നലെ പഞ്ചായത്തുകമ്മിറ്റി നടന്ന ഹാളിലേക്ക് നൂറില്‍പരം സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഇരച്ചുകയറി. ഫാക്ടറി അടച്ചുപൂട്ടിക്കാതെ ആരെയും പോകാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണും വാര്‍ഡ് മെമ്പര്‍ എന്‍.പി. ശ്രീനിവാസും പഞ്ചായത്ത് സെക്രട്ടറിയും അപ്പോള്‍തന്നെ തുകല്‍ സംസ്‌കരണ യൂണിറ്റിലെത്തി സംഭരിച്ചിരുന്ന മുഴുവന്‍ തുകലും അപ്പോള്‍തന്നെ മാറ്റിച്ചു. ഇനി തുകല്‍ സംഭരിക്കുവാനോ, സംസ്‌കരിക്കുവാനോ അനുവദിക്കില്ലെന്നും ഉടമസ്ഥനെ രേഖാമൂലം അറിയിച്ചു. ബിജെപി യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാമപുരത്ത് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ പട്ടികജാതിമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കൂടപ്പുലം വാര്‍ഡ് മെമ്പര്‍ എം.പി. ശ്രീനിവാസ് അധ്യക്ഷതവഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.പി. നിര്‍മലന്‍, സമരസമിതി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് സന്തോഷ് താഴനാനിയില്‍, മനോജ് ബി. തടത്തില്‍, ദീപു മേതിരി, ജയകൃഷ്ണന്‍, സുരേഷ് ഏഴാച്ചേരി, പഞ്ചായത്തംഗം ശ്രീക്കുട്ടന്‍, വേണുഗോപാല്‍ ത്രിവേണി, ജയന്‍ ഏഴാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
















