ന്യൂദല്‍ഹി: ഞങ്ങളെ വേദനിപ്പിച്ചവരെ തിരിച്ച് വേദനിപ്പിച്ചിരിക്കും. സമയവും സ്ഥലവും ഞങ്ങള്‍ തീരുമാനിക്കും, കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പ് നല്‍കി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സൈന്യത്തെ അപമാനിച്ച് പ്രസ്താവനയിറക്കിയ ഭീകരസംഘടനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു പരീഖര്‍.
ആരാണോ രാജ്യത്തെ ആക്രമിച്ചത്, അവര്‍ക്ക് അതേ രീതിയില്‍ തന്നെ തിരിച്ചടി നല്‍കണം. അവരും അതേ വേദന അറിയണം. 68-ാമത് സൈനിക ദിനാചരണത്തോടനുബന്ധിച്ച് സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതിരോധമന്ത്രി പറഞ്ഞു. നമ്മള്‍ അനുഭവിച്ച വേദന തിരികെകൊടുത്തില്ലെങ്കില്‍ അവര്‍ വീണ്ടും വീണ്ടും നമുക്ക് വേദന നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തും. അതുണ്ടാകാന്‍ അനുവദിക്കില്ല.
നമ്മുടെ രാജ്യത്തെ ആരെങ്കിലും നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു വ്യക്തിയാണെങ്കിലും സംഘടനയാണെങ്കിലും കനത്ത തിരിച്ചടി നല്‍കണം. എന്റെ സൈനികര്‍ മരിക്കുമ്പോള്‍ എനിക്ക് വേദനിക്കുന്നുണ്ട്. വീരമൃത്യുവരിച്ചവരെ രാജ്യം ബഹുമാനിക്കും. എന്നാല്‍ ശത്രുക്കളെ നിര്‍വീര്യമാക്കാന്‍ നിങ്ങളെ രാജ്യത്തിനാവശ്യമാണ്. രാജ്യത്തെ വേദനിപ്പിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും.
പ്രസ്താവന വിശദീകരിക്കാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരീഖര്‍ പറഞ്ഞ മറുപടി ഇപ്രകാരം. ചരിത്രം നിങ്ങെള പഠിപ്പിക്കും, ആരാണ് നമുക്ക് നഷ്ടങ്ങളുണ്ടാക്കിയതെന്ന്. എത്രവലിയ വേദനയാണ് അവര്‍ നമുക്ക് നല്‍കിയതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഒരിക്കലും മാറാന്‍ അവര്‍ക്കാവില്ല. പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ പരീഖര്‍ വിശദീകരിച്ചു.
ജനുവരി 2ന് പഞ്ചാബിലെ പത്താന്‍കോട്ട് സൈനികത്താവളത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരെ കീഴ്‌പ്പെടുത്താന്‍ വൈകിയെന്നാരോപിച്ച് ജയ്‌ഷെ മുഹമ്മദ് സൈന്യത്തെ കളിയാക്കി പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഭീകരസംഘടനകള്‍ക്കെതിരെ ഭാരതം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
















