റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ തകര്‍പ്പന്‍ വിജയത്തോടെ നാപ്പോളി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ഫ്രോസിനോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നാപ്പോളി തകര്‍ത്തത്. നാപ്പോളിക്ക് വേണ്ടി അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഹിഗ്വയിന്‍ രണ്ട് ഗോളുകള്‍ നേടി.
കളി തുടങ്ങി 20-ാം മിനിറ്റില്‍ ആല്‍ബിയോളിലൂടെയാണ് നാപ്പോളി ലീഡ് നേടിയത്. പിന്നീട് 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 60-ാം മിനിറ്റിലും ഹിഗ്വയിന്‍ ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ ഹാംസിക്കും 71-ാം മിനിറ്റില്‍ ഗാബിയാഡിനിയും നാപ്പോളിക്കായി ലക്ഷ്യം കണ്ടതോടെ പട്ടിക പൂര്‍ത്തിയായി. 81-ാം മിനിറ്റില്‍ സാമ്മാര്‍കോ ഫ്രോസിനോണിന്റെ ആശ്വാസഗോള്‍ നേടി. 19 കളികളില്‍ നിന്ന് 41 പോയിന്റുമായാണ് നാപ്പോളി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. നിലവിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ഇന്റര്‍മിലാന്‍ 39 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 39 പോയിന്റ് തന്നെയുള്ള നിലവിലെ ചാമ്പ്യന്മാരായ ജുവന്റസാണ് രണ്ടാമത്. 38 പോയിന്റുമായി ഫിയോറന്റീന നാലാമത്.
സാംപദോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജുവന്റസ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. 17-ാം മിനിറ്റില്‍ പോള്‍ പോഗ്ബയും 46-ാം മിനിറ്റില്‍ സമി ഖദീരയും ജുവന്റസിന്റെ ഗോള്‍വേട്ടക്കാര്‍. 64-ാം മിനിറ്റില്‍ അന്റോണിയോ കസ്സാനോ സാംപദോറിയയുടെ ആശ്വാസം. മറ്റ് മത്സരങ്ങളില്‍ ഗനോവ 2-0ന് അറ്റ്‌ലാന്റയെയും ചീവോ 1-0ന് ബോലോഗ്‌നയെയും എംപോളി ഏകപക്ഷീയമായ ഒരു ഗോളിന് ടോറിനോയെയും പലേര്‍മോ വെറോണയെയും കീഴടക്കി.
















