ബെംഗളൂരു: സംസ്‌കാരം കൊണ്ട് നാമെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആ സംസ്‌കാരം ഈശ്വരനെ ആരാധിക്കുന്ന രീതിയെയോ മതത്തെയോ ജാതിയേയോ ഭാഷയേയോ വേര്‍തിരിച്ചു കാണുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നാമെല്ലാം ഹിന്ദുക്കളാണെന്നത് ലോകം അംഗീകരിച്ച കാര്യമാണ്, കുറച്ചുപേര്‍ക്ക് ഇതറിയില്ല, ചിലര്‍ അങ്ങനെ കരുതുന്നില്ല എനു മാത്രം, അദ്ദേഹം വിശദീകരിച്ചു. ഭാരതം ഭൂപ്രദേശത്തിന്റെ പേരുമാത്രമല്ല, ഹിന്ദു സംസ്‌കാരം അല്ലെങ്കില്‍ ഭാരത സംസ്‌കാരം എന്ന നമ്മുടെ അസ്തിത്വം ഉള്‍ക്കൊള്ളുന്ന മണ്ണാണ്. അതുകൊണ്ടുതന്നെ ഭാരതം ഹിന്ദുരാഷ്‌ട്രമായി അറിയപ്പെടുന്നു. അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ ഘോഷ് ശിബിരത്തിന്റെ സമാപനത്തില്‍ യെലഹങ്കയിലെ രേവാ സര്‍വകലാശാല കാമ്പസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
രാജ്യവികസനത്തിന് ശരിയായ പ്രവര്‍ത്തനം ചെയ്യാന്‍ പറ്റുന്നവരെ സജ്ജരാക്കേണ്ടതുണ്ട്. അതാണ് സംഘം ചെയ്യുന്നത്. 90 വര്‍ഷമായി അതു ചെയ്യുന്നു. ഭാരതത്തിന്റെ പരമ വൈഭവ സമ്പന്നാവസ്ഥയാണ് ആര്‍എസ്എസ് ലക്ഷ്യം. അതു സാധിച്ചാല്‍ ബാക്കിയെല്ലാമായി. ഹിന്ദുക്കളെ സംഘടിപ്പിക്കുക, അങ്ങനെ രാഷ്‌ട്ര പുരോഗതിക്ക് പ്രവര്‍ത്തിക്കുക. അവരെ സാംസ്‌കാരികമായി വളര്‍ത്തുക, അവര്‍ക്ക് സമൂഹത്തെ സംഘടിപ്പിക്കാനാവും. അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് ശരിയായ മാനേജ്‌മെന്റ് നടത്തിയാല്‍ ലോകത്തെ എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്ന് ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അറിവു നേടുന്നതും പ്രവര്‍ത്തിക്കുന്നതും പ്രധാനമാണ്, പക്ഷേ ആയിത്തീരുന്നതാണ് ജീവിതത്തിലെ വ്യത്യസ്തത. നമ്മുടെ ജീവിത മൂല്യ ബോധം നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കരുത്താകും. മാതൃരാജ്യത്തിനു വേണ്ടി നിഷ്‌കാമ കര്‍മ്മം ചെയ്യാന്‍ സഹായിക്കും, അദ്ദേഹം പറഞ്ഞു.

















