ഓക്‌ലന്‍ഡ്: ആദ്യം മാര്‍ട്ടിന്‍ ഗുപ്ടില്‍, പിന്നെ അതിനേക്കാള്‍ വേഗത്തില്‍ കോളിന്‍ മണ്‍റോ… ഓപ്പണറായെത്തി 19 പന്തില്‍ അര്‍ധശതകം തികച്ച ഗുപ്ടിലും, മൂന്നാമനായെത്തി 14 പന്തില്‍ 50ലെത്തിയ മണ്‍റോയും ചേര്‍ന്ന് ശ്രീലങ്കയെ കശാപ്പു ചെയ്തപ്പോള്‍ ട്വന്റി20 പരമ്പരയും ന്യൂസിലന്‍ഡിന്. ആദ്യ മത്സരം ജയിച്ച കിവികള്‍ രണ്ടാമത്തേത് പത്തോവര്‍ ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിന് ജയിച്ച് പടയോട്ടം സമ്പൂര്‍ണമാക്കി. മണ്‍റോയുടേത് ട്വന്റി20യിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധശതകം. സ്‌കോര്‍: ശ്രീലങ്ക – 142/8 (20), ന്യൂസിലന്‍ഡ് – 147/1 (10/20).
ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ 142നുള്ള ആതിഥേയരുടെ മറുപടി അതിഗംഭീരമായിരുന്നു. ഗുപ്ടിലും നായകന്‍ കെയ്ന്‍ വില്യംസണുമായിരുന്നു ഇന്നിങ്‌സ് തുറക്കാനെത്തിയത്. 19 പന്തില്‍ അര്‍ധശതകം തികച്ച് വേഗത്തില്‍ അമ്പതിലെത്തുന്ന പത്താമത്തെ താരവും ആദ്യത്തെ ന്യൂസിലന്‍ഡുകാരനുമെന്ന റെക്കോഡോടെ ഗുപ്ടില്‍ മടങ്ങി. 25 പന്തില്‍ ആറു ഫോറും, അഞ്ച് സിക്‌സറുമടക്കം 63 റണ്‍സാണ് കിവി ഓപ്പണര്‍ നേടിയത്. അതിനു ശേഷം കൊടുങ്കാറ്റാണ് വരുന്നതെന്ന് ലങ്കന്‍ ബൗളര്‍മാര്‍ അറിഞ്ഞില്ല.
പിന്നെയെത്തിയ മണ്‍റോ ഗുപ്ടില്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങി. 14 പന്തില്‍ ഒരു ഫോറും ഏഴു സിക്‌സറും പറത്തി പുറത്താകാതെ 50ലെത്തി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ 50 തികച്ച യുവരാജ് സിങ്ങിന്റെ പേരിലാണ് ട്വന്റി20യിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോഡ്. ടീം ജയം നേടുമ്പോള്‍ മണ്‍റോയ്‌ക്കൊപ്പം 32 റണ്ണുമായി വില്യംസണും പുറത്താകാതെ നിന്നു. മണ്‍റോയാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ലങ്കയെ കിവി ബൗളര്‍മാര്‍ വരിഞ്ഞിട്ടു. നായകന്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ (49 പന്തില്‍ ഏഴ് ഫോര്‍, നാല് സിക്‌സര്‍ അടക്കം 81 റണ്‍സ്) ബലത്തിലാണ് 142 റണ്‍സടിച്ചത്. 28 റണ്‍സെടുത്ത തിലകരത്‌നെ ദില്‍ഷന്‍ മാത്രമായിരുന്നു പിന്തുണച്ചത്. മറ്റാര്‍ക്കും രണ്ടക്കം പിന്നിടാനായില്ല. കിവികള്‍ക്കായി ഗ്രാന്റ് എലിയട്ട് നാലു വിക്കറ്റെടുത്തു. ആദം മില്‍നെ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
















