റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മിലാന്‍ ടീമുകള്‍ക്ക് നിരാശ. ലീഗില്‍ മുന്നിലുള്ള ഇന്റര്‍ മിലാനെ സസ്സൗലൊ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്‌ത്തിയപ്പോള്‍ (1-0), മുന്‍ ചാമ്പ്യന്‍ എസി മിലാനെ എ.എസ്. റോമ പിടിച്ചുകെട്ടി (1-1). ഇന്റര്‍ സ്വന്തം മൈതാനത്താണ് തോല്‍വി വഴങ്ങിയത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പെനല്‍റ്റിയിലൂടെ ഡൊമിനിക് ബെറാര്‍ഡിയാണ് സസ്സൗലോയ്‌ക്ക് ജയം സമ്മാനിച്ചത്. ഡെഫലിനെ ജാവോ മിറാന്‍ഡ ബോക്‌സില്‍ വീഴ്‌ത്തിയതിനാണ് പെനല്‍റ്റി. എവേ മത്സരത്തിലാണ് എസി മിലാന്‍ സമനില വഴങ്ങിയത്. നാലാം മിനിറ്റില്‍ അന്റോണിയോ റുഡിഗറിലൂടെ റോമ മുന്നിലെത്തിയെങ്കിലും, 50ാം മിനിറ്റില്‍ ജുറാജ് കുക്കിലൂടെ എസി മിലാന്‍ തടിതപ്പി.
തോറ്റെങ്കിലും 19 കളികളില്‍ 39 പോയിന്റുമായി ഇന്റര്‍ ഒന്നാമത് തുടരുന്നു. ജയം സസ്സൗലോയെ 31 പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ത്തി. 34 പോയിന്റുമായി റോമ അഞ്ചാമത്, 29 പോയിന്റോടെ എസി മിലാന്‍ ഏഴാമത്.
ലീഗിലെ മറ്റു മത്സരങ്ങളില്‍ ലാസിയോ 3-1ന് ഫിയൊന്റീനയെ തുരത്തിയപ്പോള്‍, കാര്‍പി 2-1ന് ഉഡിനീസിനെ വീഴ്‌ത്തി. തോല്‍വി ഫിയൊന്റീനയ്‌ക്ക് തിരിച്ചടിയായി. 39 പോയിന്റുമായി മൂന്നാമതാണ് ഫിയൊന്റീന.
















