ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകളും, ആഴ്‌സണലും മുന്നോട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത ഒരു ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കിയപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തു. ആഴ്‌സണല്‍ 3-1ന് സണ്ടര്‍ലാന്‍ഡിനെ മറികടന്നു.
ഓള്‍ഡ്ട്രാഫോഡില്‍ വെയ്ന്‍ റൂണിയുടെ പ്രതിഭയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റ് നല്‍കിയത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂണി ടീമിനെ നാലാം റൗണ്ടിലേക്ക് നയിച്ചു.
എവേ മത്സരത്തില്‍ സെര്‍ജിയൊ അഗ്വെയ്‌റോ (16), കെലെച്ചി ഇഹെനാച്ചോ (31), കെവിന്‍ ഡി ബ്ര്യൂണെ (78) എന്നിവരാണ് നോര്‍വിച്ചിനെ തുരത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സഹായിച്ചത്. സ്വന്തം മൈതാനത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് ആഴ്‌സണല്‍ ജയിച്ചു കയറിയത്. 17ാം മിനിറ്റില്‍ ജെര്‍മെയ്ന്‍ ലെന്‍സിലൂടെ സണ്ടര്‍ലാന്‍ഡ് മുന്നിലെത്തി. 25ാം മിനിറ്റില്‍ ജോയല്‍ കാംപെല്ലിലൂടെ ഒപ്പമെത്തിയ പീരങ്കിപ്പട, ആരോണ്‍ റംസേ (72), ഒലിവര്‍ ഗിറൗഡ് (75) എന്നിവരിലൂടെ ജയം നേടി.
മറ്റൊരു കളിയില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് സതാംപ്ടണിനെ കീഴടക്കി. എന്നാല്‍, ന്യൂകാസില്‍ യുണൈറ്റഡിനെ വാറ്റ്‌ഫോഡ് അട്ടിമറിച്ചു (1-0). വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനെ ബ്രിസ്റ്റോള്‍ സിറ്റിയും (2-2), ആസ്റ്റണ്‍ വില്ലയെ വൈകോംബ് വാണ്ടറേഴ്‌സും (1-1) തളച്ചു. ഷെഫീല്‍ഡ് വെനസ്‌ഡേ 2-1ന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. എന്നാല്‍, എവര്‍ട്ടണ്‍ 2-0ന് ഡാഗെന്‍ഹാം റെഡ് ബ്രിഡ്ജിനെയും, എഎഫ്‌സ് ബേണ്‍മൗത്ത് 2-1ന് ബര്‍മിങ്ഹാം സിറ്റിയെയും തോല്‍പ്പിച്ചു.
















