ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിനുള്ള വഴിപാടായി യുവാവ് വിരല്‍ മുറിച്ച് തിരുപ്പതി ഭഗവാന് സമര്‍പ്പിച്ചു. ബെംഗളൂരുവിലെ രാമനഗരം സ്വദേശിയായ ഇന്ദുവാലു സുരേഷാണ്(35) ജാമ്യം ലഭിച്ചതിനു ഭഗവാന് നന്ദിയര്‍പ്പിച്ച് കാണിക്കയായി പെരുവിരല്‍ സമര്‍പ്പിച്ചത്.
കേസില്‍ സോണിയക്കും രാഹുലിനും കഴിഞ്ഞ ഡിസംബര്‍ 19നാണ് ജാമ്യം ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് 25നാണ് വഴിപാട് ഹുണ്ടികയില്‍ വിരല്‍ മുറിച്ച് കാണിക്കയായി സമര്‍പ്പിച്ചത്. കുടുംബത്തെപ്പോലും അറിയിക്കാതെ ഒരു സുഹൃത്തിനൊപ്പം വന്ന് വിരല്‍ മുറിച്ച് ഭഗവാന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു എഴുത്തും ആയിരം രൂപയും ഒപ്പം വെച്ച് ഹുണ്ടികയില്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസി റിപ്പയര്‍ ചെയ്യുമ്പോള്‍ വിരല്‍ മുറിഞ്ഞെന്ന് പറഞ്ഞ് ചികിത്സയും തേടി.
















