സന്തോഷമേകിയില്ലെങ്കിലും ആധി നിറക്കുന്ന പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യകുലത്തിന്റെ സമാധാനപൂര്‍ണമായ അതിജീവനത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജീവനെടുക്കുന്ന തത്വസംഹിതകള്‍, അത് ഏതിന്റെ പേരിലാണെങ്കിലും, അതിന് എന്ത് ന്യായീകരണം പറഞ്ഞാലും അത് ബഹുസ്വര ലോകത്തിന് ഭൂഷണമാവില്ലെന്ന് തന്നെയാണ് പറയാനുള്ളത്. നിന്നെപോലെതന്നെ മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള അവകാശ-സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിലപാടുകളും വാദമുഖങ്ങളും അത് ഭീകരമായ വാദമായാലും തീവ്രമായ വാദമായാലും അംഗീകരിക്കാനാവില്ല.
ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനശ്രമങ്ങളെ അട്ടിമറിക്കാനും ചര്‍ച്ചകളെ തടയിടാനുമുള്ള പാക് ഭീകരവാദികളുടെ വ്യവസ്ഥാപിതമായ നിലപാടുകളുടെ ഭാഗമായിട്ടാണ് പത്താന്‍കോട്ട് ആക്രമണം നടത്തിയത്. നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ നടന്ന ഈ ആക്രമണം സമാധാനശ്രമങ്ങളെ പാക് ഭീകരവാദ സംഘടനകള്‍ ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയാണ്.
അതുകൊണ്ടുതന്നെ പാക്കിസ്ഥാനുമായുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സാധ്യമാകണമെങ്കില്‍, ഈ മേഖലയില്‍ സമാധാനാന്തരീക്ഷം സംജാതമാകണമെങ്കില്‍ ആദ്യമായിട്ടും അവസാനമായിട്ടും പാക്കിസ്ഥാന്‍ ചെയ്യേണ്ടത്, സ്വന്തം മണ്ണില്‍നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുക എന്നതാണ്.
മനോജ്കൃഷ്ണന്‍, പെരുമ്പാവൂര്‍
















