ന്യൂദല്‍ഹി: കത്തോലിക്ക പള്ളികളെ ആരോപണമുക്തമാക്കാന്‍ കര്‍ശന നപടികള്‍ക്ക് തീരുമാനം. ഈ വര്‍ഷം, പള്ളികളെ സംശുദ്ധമാക്കുക എന്ന പദ്ധതിക്ക് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സാണ് രൂപം നല്‍കിയിട്ടുള്ളത്. ലൈംഗികാപവാദങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പാതിരിമാരുടെ തിരുവസ്ത്രം ഊരിക്കുന്നതുള്‍പ്പെടെ കഠിന ശിക്ഷകളുണ്ടാകും.
മുന്‍കാലങ്ങളില്‍ പാതിരിമാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ധാരാളം ഉയര്‍ന്നിട്ടുണ്ട്. ഇതു സഭയുടെ പ്രതിച്ഛായയേയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കുഴപ്പക്കാരായ പാതിരിമാര്‍ക്കെതിരെ പോപ്പിന്റെ നടപടിയാണ് പതിവ്. ഇതുപലപ്പോഴും അനിശ്ചിതമായി നീളും. നിലവില്‍ പലപ്പോഴും ഇരകളേക്കാള്‍ വിശുദ്ധനാണ് പീഡകനെന്ന പരിഗണനയാണ് നല്‍കിയിരുന്നത്. ഇനി അതു മാറും. ആര്‍ച്ചു ബിഷപ്പുമാരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അന്വേഷണം നടത്തി കടുത്ത നടപടിക്കു ശുപാര്‍ശ നല്‍കും. പുതിയ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണിത്.
പള്ളിയിലെ വിശുദ്ധ ചടങ്ങുകള്‍ക്കു വിലക്കു വീഴുന്നതോടൊപ്പം കുഴപ്പക്കാരായ പാതിരിമാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും. മറ്റു രാജ്യങ്ങളിലേക്കു രക്ഷപ്പെടുന്നതു തടയും. ഇവരുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തുന്നതടക്കം ആലോചിക്കുന്നുണ്ട്.
പീഡനത്തിനിരയാകുന്നവരോട് കൂടുതല്‍ അനുതാപപൂര്‍വമായ നിലപാടെടുക്കാനും സഭയുടെ തീരുമാനമുണ്ട്. മിക്കവാറും ഇവര്‍ കുട്ടികളാകും. ലൈസന്‍സുള്ളവരെ മാത്രം ഇത്തരം കുട്ടികളെ കൗണ്‍സല്‍ ചെയ്യാന്‍ വിനിയോഗിക്കും.
നിലവില്‍ മറ്റു പാതിരിമാരും കന്യാസ്ത്രീകളമാണിതു ചെയ്യുന്നത്. പീഡന സംഭവങ്ങള്‍ രഹസ്യമായി അറിയിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ആര്‍ച്ചു ബിഷപ്പുമാര്‍ക്ക് ഇത്തരം പരാതികള്‍ കിട്ടിയാല്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമയ പരിധി വെക്കും. വത്തിക്കാനിലേക്ക് അന്വേഷണ റിപ്പോര്‍ട്ടയപ്പിക്കും. പുതിയ വ്യവസ്ഥകളും സംവിധാനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രതീക്ഷ.
















