കൊച്ചി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളം സൂപ്പര്‍ ലീഗില്‍. ബി ഗ്രൂപ്പില്‍ തുടരെ അഞ്ചാം ജയത്തോടെയാണ് കേരളത്തിന്റെ മുന്നേറ്റം. ഇന്നലെ കരുത്തരായ പഞ്ചാബിനെ ഒരു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റിന് കീഴടക്കി ആതിഥേയര്‍. ഓപ്പണറായിറങ്ങിയ സഞ്ജു സാംസണിന്റെ (72) തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തെ തുണച്ചത്. സ്‌കോര്‍: പഞ്ചാബ് 135/7 (20), കേരളം – 139/5 (19.5).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന പഞ്ചാബിനായി യുവരാജ് സിങ് അര്‍ധ സെഞ്ചുറി നേടി. 44 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറുമടക്കം 54 റണ്‍സെടുത്തു യുവരാജ്. പര്‍ഗത് സിങ് (35), മനന്‍ വോറ (13), നായകന്‍ ഹര്‍ഭജന്‍ സിങ് (12) എന്നിവരും രണ്ടക്കം കണ്ടു. കേരളത്തിനായി പി. പ്രശാന്ത് മൂന്നും, ബേസില്‍ തമ്പി രണ്ടും, വി.എ. ജഗദീഷ് ഒന്നും വിക്കറ്റെടുത്തു.
താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണിങ് വിക്കറ്റില്‍ സഞ്ജുവും മുഹമ്മദ് അസറുദ്ദീനും (25) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 62 റണ്‍സെടുത്തു കൂട്ടുകെട്ട്. സഞ്ജു 56 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സറും സഹിതമാണ് 72 റണ്‍സെടുത്തത്. സ്‌കോര്‍ 134ല്‍ നില്‍ക്കെ നാലാമനായി സഞ്ജു പുറത്താകുമ്പോള്‍ കേരളം ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, അവസാനം തുടരെ വിക്കറ്റ് വീണത് ആതിഥേയരെ ആശങ്കയിലാഴ്‌ത്തി. മധ്യനിരയിലിറങ്ങിയ വി.എ. ജഗദീഷിന്റെ പരിചയസമ്പത്ത് കേരളത്തെ തുണച്ചു. അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക് തൊടുത്ത് ജഗദീഷ് കേരളത്തെ സൂപ്പര്‍ ലീഗിലേക്ക് നയിച്ചു. 15 പന്തില്‍ 16 റണ്ണുമായി ജഗദീഷ് പുറത്താകാതെ നിന്നു. പി. പ്രശാന്താണ് (ഒന്ന്) തുണയായുണ്ടായിരുന്നത്. പഞ്ചാബിനായി സിദ്ധാര്‍ഥ് കൗളും ഹര്‍ഭന്‍ സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു. ജസ്‌കരന്‍ സിങ്ങിന് ഒരു വിക്കറ്റ്.
ഗ്രൂപ്പില്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ന് കേരളത്തിന് എതിരാളികള്‍ ഝാര്‍ഖണ്ഡ്. ഇന്നു തോറ്റാലും 20 പോയിന്റുള്ള കേരളം മുന്നേറും. അതേസമയം, 16 പോയിന്റുമായി രണ്ടാമതുള്ള ഝാര്‍ഖണ്ഡിന് സൂപ്പര്‍ ലീഗ് ഉറപ്പാക്കണമെങ്കില്‍ ജയിക്കണം. ഉച്ചയ്‌ക്ക് ഒന്നിന് കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. കൊച്ചിയിലെ മറ്റു മത്സരങ്ങളില്‍ പഞ്ചാബ് സൗരാഷ്‌ട്രയെയും, ജമ്മു കശ്മീര്‍ രാജസ്ഥാനെയും നേരിടും. 12 പോയിന്റ് വീതമുള്ള സൗരാഷ്‌ട്രയ്‌ക്കും പഞ്ചാബിനും നേരിയ പ്രതീക്ഷ. അതിന് കേരളം ജയിക്കണം.
റണ്‍ശരാശരിയില്‍ സൗരാഷ്‌ട്ര മൂന്നാമതും, പഞ്ചാബ് നാലാമതുമാണ്. കേരളം ജയിച്ചാല്‍ ഝാര്‍ഖണ്ഡിനൊപ്പം പഞ്ചാബ്-സൗരാഷ്‌ട്ര മത്സരത്തിലെ വിജയിക്കും 16 പോയിന്റാകും. അങ്ങനെയെങ്കില്‍ റണ്‍ശരാശരിയാകും ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക.
















