ഷാര്‍ജ: ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും അഫ്ഗാനിസ്ഥാന് ജയം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ അഞ്ചു റണ്ണിന് അഫ്ഗാന്റെ ജയം. ഗുലബ്ദിന്‍ നെയ്ബിന്റെ ഓള്‍റൗണ്ട് (37 റണ്‍സ്, ഒരു വിക്കറ്റ്) പ്രകടനമാണ് അവരെ തുണച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ – 187/7 (20), സിംബാബ്‌വെ – 182/7 (20).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉസ്മാന്‍ ഘനി (42), നെയ്ബ്, മുഹമ്മദ് ഷെഹ്‌സാദ് (33), മുഹമ്മദ് നബി (26) എന്നിവരുടെ പിന്‍ബലത്തിലാണ് 187ലെത്തിയത്. സിംബാബ്‌വെയ്‌ക്കായി ഗ്രെയ്‌മി ക്രെമര്‍ മൂന്നു വിക്കറ്റെടുത്തു. ചിസൊരൊ, ജോങ്‌വെ, സിക്കന്ദര്‍ റാസ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മധ്യനിരയുടെ കരുത്തില്‍ സിംബാബ്‌വെ പൊരുതിയെങ്കിലും അവസാനം കളി കൈവിട്ടു. 49 റണ്ണുമായി പുറത്താകാതെ നിന്ന മാല്‍ക്കം വാലര്‍ ടോപ് സ്‌കോറര്‍. ഹാമില്‍ട്ടണ്‍ മസ്‌കാഡ (33), ചാമു ചിബാബ (19), സിക്കന്ദര്‍ റാസ (19) എന്നിവരും പിന്തുണ നല്‍കി. മൂന്നു വിക്കറ്റുമായി ദവ്‌ലത് സദ്രാന്‍ തിളങ്ങി. അമീര്‍ ഹംസ, മുഹമ്മദ് നബി എന്നിവരും ഓരോ വിക്കറ്റെടുത്തു.
















