മരുന്നുകള്‍ അനിവാര്യമാണെന്ന തെറ്റായ സന്ദേശം പിഞ്ചുകുഞ്ഞിലേക്കും സന്നിവേശിപ്പിക്കുന്ന തന്ത്രം പയറ്റുന്ന മരുന്നുമാഫിയയുടെ പിടിയിലകപ്പെട്ടുപോയോ ജനപ്രതിനിധികളും? കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി സംബന്ധിച്ച വാര്‍ത്ത ശ്രദ്ധിച്ചാലിതു മനസിലാകും. കോഴിക്കുഞ്ഞ്, കൂട്, തീറ്റ, മരുന്ന് എന്നിവയാണ് വിതരണം ചെയ്യുന്നത്. മരുന്നില്ലാതെ ഒരു കോഴിക്കുഞ്ഞിനുപോലും വളര്‍ന്നു വലുതായി മുട്ടയിടാനാവില്ല എന്ന സന്ദേശമല്ലേ കുട്ടിക്ക് ലഭിക്കുക? ഇത് ആശാസ്യമോ?
ഒരു മൂന്നുനാലു ദശാബ്ദത്തിന് മുമ്പുവരെ മിക്കവാറും വീടുകളില്‍ കോഴികളെ വളര്‍ത്തിയിരുന്നു. അന്നൊന്നും മരുന്ന് അവശ്യവസ്തുവായിരുന്നില്ല. ഇന്ന് മനുഷ്യശിശുവിനും ഗര്‍ഭധാരണം മുതല്‍ മരുന്നുകള്‍ അനിവാര്യമായിത്തീര്‍ന്നതെങ്ങനെ? ശൈശവാവസ്ഥ മുതലുള്ള ഈ മരുന്നുപ്രയോഗമല്ലേ കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും സ്വന്തം നാടാക്കിയത്.
ഇതിന് തെളിവ് യാതൊരുവിധ മരുന്നും കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണശൈലിയും ജീവിതശൈലിയും അനുവര്‍ത്തിച്ച് സുഖപ്രസവം നടത്തി രാസ ഔഷധരഹിത ജീവിതം നയിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഈ കേരളത്തില്‍തന്നെയുണ്ട് എന്നതുതന്നെ. ശാസ്ത്രബോധമുള്ളവര്‍ ചെയ്യേണ്ടത് ഇതുസംബന്ധിച്ച് പഠനം നടത്തുകയാണ്. അമിത രാസഔഷധ പ്രയോഗത്തിനെതിരെ ‘ആയുഷ്’ വകുപ്പിന് കീഴിലുള്ള ചികിത്‌സകര്‍ എന്തുകൊണ്ടാണ് ജനങ്ങളെ ബോധവല്‍ക്കരിക്കാത്തത്?
കെ.വി. സുഗതന്‍, ആലപ്പുഴ
















