തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുന്ന പ്രധാനവേദിയായ പുത്തരിക്കണ്ടത്തെ പന്തലിന്റെ പണി അനിശ്ചിതത്വത്തില്‍. പന്തല്‍ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് തടസമായി നില്‍ക്കുന്നത് അനന്തമായി നീളുന്ന അനന്തയുടെ പണിയാണ്. പ്രധാനവേദിയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടിയാണ് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓട നിര്‍മിക്കുന്നത്. ഇതിനായി കുഴിയെടുത്ത സ്ഥലത്തുനിന്ന് ജെസിബി ഉപയോഗിച്ച് ചെളിവെള്ളവും ചെളിയും കോരി ഒരുഭാഗത്ത് കൂനകൂട്ടി ഇട്ടിരിക്കുകയാണ്. മീഡിയ സെന്റര്‍ നിര്‍മിക്കാനുദ്ദേശിച്ച സ്ഥലത്താണ് ഇപ്പോള്‍ മണ്‍കൂനകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നത്. അനന്തയുടെ പണി 15 നു മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അവര്‍ അറിയിച്ചത്. കലോത്സവത്തിനായി 16ന് തന്നെ പന്തല്‍ പണി പര്‍ത്തിയാക്കി നല്‍കണമെന്നാണ് സംഘാടകരുടെ നിര്‍ദേശം. ഇക്കണക്കിനു പോയല്‍ 16 ന് മുമ്പ് പണി പൂര്‍ത്തിയാക്കാനാകുമോ എന്ന് സംശയമുണ്ട്. കൂനകൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയും വേഗം മാറ്റുകയോ മൈതാനത്തിലെ കുഴികള്‍ നികത്തുകയോ ചെയ്താല്‍ പ്രധാനവേദിയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനകും.
മറ്റ് പ്രധാനവേദികളുടെയും പണി പുരോഗമിക്കുന്നു. വഴുതയ്‌ക്കാട്ടുള്ള മയൂരം പാചകപ്പുരയുടെ പണി ഏതാണ്ട് അവസാനഘട്ടത്തിലാണ്. നടനം എന്നു പേരിട്ടിരിക്കുന്ന രണ്ടാം വേദിയായ പൂജപ്പുരയിലള്ള പന്തലിന്റെ പണിയും പുരോഗമിക്കുന്നു. കലാപരിപാടികള്‍ നടക്കുന്ന വേദികളില്‍ ഡ്യൂട്ടി ചെയ്യാനുള്ള അധ്യാപകര്‍ക്കായി പരിശീലനം ആരംഭിച്ചു. 200 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
















