ബനാറസ്: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അധ്യാപകന്‍ സന്ദീപ് പാണ്ഡെയെ ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്താക്കി. കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം അധ്യാപകനും മാഗ്‌സസെ അവര്‍ഡ് ജോതവുമായ പാണ്ഡെ കാമ്പസിനുള്ളില്‍ നക്‌സല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും, കാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ത്തുവെന്നും സര്‍വകലാശാല വക്താവ് രാജേഷ് സിങ് പറഞ്ഞു. സന്ദീപ് പാണ്ഡെയ്‌ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് ബിബിസി തയാറാക്കിയ ഡോക്യുമെന്ററിക്ക് രാജ്യത്ത് പ്രദര്‍ശന നിരോധനമുണ്ട്. നിരോധനം ലംഘിച്ച് കാമ്പസില്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സന്ദീപ് പാണ്ഡെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു നീക്കം. വൈസ് ചാന്‍സലര്‍ സി.ജി. ത്രിപാഠി ഇടപെട്ടാണ് ഇതു തടഞ്ഞത്. പ്രാദേശിക മാധ്യമങ്ങള്‍ പാണ്ഡെയുടെ നീക്കം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയിരുന്നു.
തെറ്റിന് ശിക്ഷിക്കപ്പെട്ടപ്പോള്‍, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍, പതിവുപോലെ ആര്‍എസ്എസിനെ പഴിചാരാനാണ് സന്ദീപ് പാണ്ഡെയും ശ്രമിച്ചത്. വൈസ് ചാന്‍സലറും, ഡീനുമെല്ലാം ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് പാണ്ഡെ ആരോപിച്ചു. താന്‍ നക്‌സലല്ല, ഗാന്ധിയനെന്നും പാണ്ഡെ ഇപ്പോള്‍ ആണയിടുന്നു.
















