കെ.കെ.പത്മനാഭന്
കാസര്‍കോട്: കാസര്‍കോട്ടെ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കൗമാര കലാ മാമാങ്കത്തിനാവുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജില്ലാ കലോത്സവത്തിന്റെ ഇന്നലത്തെ വേദികള്‍. പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ കേരള നടന മത്സരത്തില്‍ കാളിദാസ വിരചിതം നാടകം കാവ്യപ്രദാമയം സര്‍വ്വമംഗളമെന്ന് നന്ദിത ആടി തിമര്‍ക്കുമ്പോള്‍ സദസ്യരായി വിരളിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാണികള്‍ കുറഞ്ഞതിനാല്‍ ഏറെ വേദനയോടെയാണ് ഈ കൊച്ചുകലാകാരി വേദിവിട്ടിറങ്ങിയത്. ഇത് തന്നയായിരുന്നു കലോത്സവത്തിന്റെ മറ്റ് വേദികളുടെയും അവസ്ഥ. കുട്ടികള്‍ വേദികള്‍ നിറഞ്ഞ് ആടുമ്പോഴും കാണാന്‍ മറ്റ് മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമെന്നത് സംഘടനാ മികവ് അവകാശപ്പെടുമ്പോഴും കലോത്സവത്തിലെ കല്ലുകടിയായി തുടരുകയാണ്. തുളുനാട്ടില്‍ കലയെയും സാഹിത്യത്തെയും അന്ത്യ നിമിഷങ്ങള്‍ വരെ വാനോളമുയര്‍ത്താന്‍ പരിശ്രമിച്ച ടി.ഉബൈദിന്റെ നാട്ടില്‍ നടക്കുന്ന കൗമാര കലാ മാമാങ്കത്തിനാണ് ഈ ഗതികേടെന്നത് കലാസ്വാദകരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.
മാപ്പിള കലാ അക്കാദമിയടക്കമുള്ള മാപ്പിള കലകള്‍ക്ക് വോരോട്ടമുള്ള നഗര ഹൃദയത്തില്‍ കോല്‍ക്കളിയും, മാപ്പിളപ്പാട്ടും മറ്റും അരങ്ങേറിയ വേദികളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ് മത്സര ഇനങ്ങളില്‍ ഭൂരിഭാഗവും മത്സരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെന്നതിലപ്പുറം മത്സരങ്ങള്‍ കാണാനെത്തിയവരെന്ന് പറയുന്നവര്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമേയുള്ളു. കലയുടെ കാല്‍ചിലമ്പണിഞ്ഞ രാപകലുകള്‍ക്ക് നടനചാരുതയുടെ വിസ്മയം തീര്‍ത്ത് ഭരതനാട്യം പകര്‍ന്നാടിയ വേദിയില്‍ ലാസ്യ നടനത്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മോഹിനിയാട്ടവും, കേരള നടനവുമാണ് വേദിയെ ധന്യമാക്കിയത്. പിഴക്കാത്ത ചുവടുകളും നിലക്കാത്ത രാഗതാളങ്ങളും സമന്വയിപ്പിച്ച് പ്രതിഭകളുടെ മിന്നലാട്ടം വേദികളില്‍ തുടരുകയാണ്. ഇശലുകളുടെ പെരുമഴയായി മാപ്പിളപ്പാട്ടും കേരളത്തനിമയുടെ ശീലുമായി കോല്‍ക്കളിയും ആസ്വാദകര്‍ക്ക് ആവേശമായി നാടകവും കഥാപ്രസംഗ മത്സരവുമാണ് പ്രധാനമായും വേദികള്‍ കൈയ്യടക്കിയത്. ചന്ദ്രിഗിരി ഉണര്‍ന്നത് ഹൈസ്കൂള്‍ വിഭാഗം വീണമത്സരത്തോടെയാണ്. തുടര്‍ന്ന് ഈ വേദിയില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കേരളനടനവും മോഹിനിയാട്ടവും അരങ്ങേറി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. അത് ഇന്നലെയും തുടര്‍ന്നു. മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും, വിഷയ വൈവിധ്യങ്ങള്‍ കൊണ്ടും കലാമേള മികച്ച നിലവാരം പുലര്‍ത്തുന്നു. ഇന്നലെ കാണികളെ കൊണ്ട് നിറഞ്ഞത് നാടക വേദിയായ ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലെ നേത്രാവതിയാണ്. ശരിക്കും നാടകത്തെ കാസര്‍കോടന്‍ ജനത നേഞ്ചേറ്റുന്ന കാഴ്ചയാണ് കണ്ടത്. നിറഞ്ഞ കൈയ്യടികളോടെയാണ് അവര്‍ നാടകത്തെ വരവേറ്റത്. ഉച്ച സൂര്യന് കത്തിജ്വലിച്ച് നില്ക്കുമ്പോള് തലയ്ക്ക് മുകളില്‍ വിരിച്ച തകര ഷീറ്റുകളിലൂടെ താഴോട്ടിറങ്ങുന്ന ധനുമാസ ചൂടിനെയും അവഗണിച്ച് അവര്‍ കുട്ടികളുടെ പ്രകടനത്തിന് മനം നിറഞ്ഞ പ്രേത്സാഹനവുമായി കൂട്ടിരുന്നു. പ്രമേയം കൊണ്ടും അവതരണ മികവ് കൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു യു.പി, ഹൈസ്കൂള്‍ നാടക മത്സരങ്ങള്‍. പത്രങ്ങളും മറ്റുമെടുത്ത് വീശി പ്രേക്ഷകര്‍ ക്ഷമയോടെ നാടകങ്ങള്‍ വീക്ഷിച്ചുവെന്നത് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായി. അരങ്ങില്‍ അഭിനയിച്ച് തിമര്‍ക്കാന്‍ അത് അവര്‍ക്ക് വലിയൊരു പ്രേത്സാഹനമായി മാറി. കസേരകള്‍ നിറഞ്ഞതോടെ കാണികളില്‍ ഭൂരിഭാഗവും നിന്നാണ് നാടകം വീക്ഷിച്ചത്. അവസാന ദിവസമെങ്കിലും മുനിസിപ്പാലിറ്റി പരിധിയിലെ സ്കൂളുകള്‍ക്ക് അവധി നല്കി വേദികള്‍ നിറയ്ക്കാനാകുമോയെന്ന ആലോചനയിലാണ് അണിയറയില്‍ സംഘാടകരെന്ന് കലോത്സവ വേദിയില്‍ അടക്കം പറച്ചിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: