ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ ഹിമാലയന്‍ മേഖലകളിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂകമ്പത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ മാനേജ്‌മെന്റ് വിദഗ്ധരുടെ മുന്നറിയിപ്പ്.
റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത വരെ രേഖപ്പെടുത്തിയേക്കാവുന്ന ശക്തമായ ഭൂകമ്പം ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മണിപ്പൂരിലും മുന്‍ വര്‍ഷങ്ങളില്‍ നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുമുണ്ടായ അതിശക്തമായ ഭൂകമ്പങ്ങള്‍ ഹിമാലയന്‍ മേഖലയിലുണ്ടാക്കിയ മാറ്റങ്ങളാണ് ഭൂകമ്പത്തിന് വഴിവയ്‌ക്കുന്നത്.
ഭൂകമ്പത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇന്ത്യയെ അഞ്ച് സോണുകളായിട്ടാണ് വിദഗ്ധ സംഘം തരം തിരിച്ചിരിക്കുന്നത്. ഇതില്‍ ശക്തമായ ഭൂകമ്പ സാധ്യതയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അഞ്ചാം സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിമാലയന്‍ മേഖല മുതല്‍ ബിഹാര്‍, യു.പി, ദല്‍ഹി വരെ നാലാം സോണിലും. ബിഹാര്‍, ജമ്മു കശ്മീര്‍, ഗുജറാത്ത്, ആന്‍ഡമാന്‍ എന്നിവയും ഭൂകമ്പ ഭീഷണിയുടെ വക്കിലാണ്.
റിക്ടര്‍ സ്‌കെയിലില്‍ എട്ടിന് മുകളിലുള്ള നാല് ഭൂകമ്പങ്ങളെങ്കിലും ഈ മേഖലകളിലെല്ലാം ഉണ്ടാകുമെന്ന് കോളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പശാസ്ത്രജ്ഞനായ റോജര്‍ ബിഹാമും വ്യക്തമാക്കിയിട്ടുണ്ട്.
















