ന്യൂദല്‍ഹി: വനിതകള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ 33 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോണ്‍സ്റ്റബിള്‍ റാങ്കിലാണ് സംവരണമേര്‍പ്പെടുത്തുക.
സിആര്‍പിഎഫിലും സിഐഎസ്എഫിലുമാണ് 33 % സംവരണമേര്‍പ്പെടുത്തുക. ബിഎസ്എഫിലും എസ്എസ്ബിയിലും (സശാസ്ത്ര സീമ ബല്‍) ഐടിബിപിയിലും (ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) വനിതകള്‍ക്ക് 15 ശതമാനം സംവരണമേര്‍പ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചത്.
കേന്ദ്രസേനാവിഭാഗങ്ങളില്‍ എല്ലാത്തിലും കൂടി 9 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ ആകെയുള്ളത്. ഇതില്‍ 20,000 സ്ത്രീകളാണുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫില്‍ നിലവില്‍ 6300 സ്ത്രീകളാണുള്ളത്. വനിതാ പ്രാതിനിധ്യം കൂട്ടാന്‍ നിര്‍ദ്ദേശിക്കുന്ന പാരാമിലിട്ടറി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ദല്‍ഹി പൊലീസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഒമ്പത് ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് മേഖലകളില്‍ വനിതാ കമാന്റോകളെ നിയോഗിയ്‌ക്കാന്‍ സി.ആര്‍.പി.എഫ് തീരുമാനിച്ചിട്ടുണ്ട്.
















