പുനലൂര്‍: പാറയിറക്കുന്നതിനിടെ ടിപ്പര്‍ ലോറി, ഡ്രൈവറുടെ മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഭരണിക്കാവ് ദേവീക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
സ്വകാര്യവ്യക്തിക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള പാറയിറക്കാനാണ് ലോറിയെത്തിയത്. എന്നാല്‍ പാറയിറക്കുന്നതിനിടെ ലോറിയുടെ പിന്‍വശം മണ്ണില്‍ പുതയുകയും മുന്‍വശം ഉയര്‍ന്ന് ലോറി മറിയുകയുമായിരുന്നു.
വിളക്കുവെട്ടം സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ സജീവിന്റെ കാലുകള്‍ വാഹനത്തിനടിയില്‍ കുടങ്ങി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം ഉയര്‍ത്താനോ മറിച്ചിടുവാനോ സാധിച്ചില്ല. വാഹനം അനങ്ങിയാല്‍ ഡ്രൈവറിന്റെ കാല്‍ മുറിയുന്ന അവസ്ഥയായിരുന്നു. വാഹനങ്ങള്‍ മറ്റ് ദിശയിലേക്ക് മറിയാതെ ഫയര്‍ഫോഴ്‌സ് അധികൃതര്‍ കയര്‍ കൊണ്ട് ബന്ധിച്ച ശേഷം സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുകളോടെ ഡ്രൈവര്‍ പുനലൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
















