നൂറ്റിമൂന്നാമത് ഭാരത ശാസ്ത്ര കോണ്‍ഗ്രസ് മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു
മൈസൂര്‍: ശാസ്ത്ര ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്ര, സംസ്ഥാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രവും പാരമ്പര്യ അറിവുകളും തമ്മിലുള്ള വിടവുകള്‍ നികത്താന്‍ ഭാരതത്തിലേയും മറ്റു ലോകരാഷ്‌ട്രങ്ങളിലേയും ശാസ്ത്രജ്ഞന്മാര്‍ ശ്രമിക്കണം. മൈസൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച നൂറ്റിമൂന്നാമത് ഭാരത ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫസര്‍ റാവു, മുന്‍ രാഷ്‌ട്രപതി എ.പി. ജെ. അബ്ദുള്‍കലാം തുടങ്ങിയ ശാസ്ത്രജ്ഞരാണ് സാങ്കേതികരംഗത്ത് രാജ്യത്തിന്റെ പേര് മുന്‍നിരയിലെത്തിച്ചത്. രാജ്യത്തെ ശാസ്ത്ര ഗവേഷണങ്ങള്‍ ഇനിയും സുഗമമാക്കണം. ശാസ്ത്രമേഖലയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യും. ശാസത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ എന്‍വയറോണ്‍മെന്റ്, എക്കോണമി, എനര്‍ജി, എംപതി, ഈക്വിറ്റി എന്നിങ്ങനെ അഞ്ച് ഇകളെ കേന്ദ്രീകരിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍, ഭാരതരത്‌ന സി. എന്‍. ആര്‍. റാവു തുടങ്ങിയ പ്രഗത്ഭരായ വ്യക്തികള്‍ പഠിച്ച മൈസൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ആദരവായാണ് താന്‍ കണക്കാക്കുന്നത്.
കുറഞ്ഞനിരക്കില്‍ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസനങ്ങളും രാജ്യത്ത് നടപ്പാക്കണംണം. ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സാമൂഹ്യസാഹചര്യങ്ങളും ഉള്‍പ്പടെയുള്ള എല്ലാവെല്ലുവിളികളും അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്ക് വേണ്ടത്. സാമ്പത്തികമായും സാമൂഹ്യമായും താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാസ്ത്ര സാങ്കേതിക വിദ്യയ്‌ക്കാകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രവും സാങ്കേതികവിദ്യയും തദ്ദേശീയവികസനത്തിന് എന്നവിഷയത്തില്‍ നടന്ന കോണ്‍ഗ്രസില്‍ ഗവേഷകരും സാങ്കേതികവിദഗ്ധരുമടക്കം അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശാസ്ത്രകോണ്‍ഗ്രസിന്റെ വിഷയം. ചടങ്ങില്‍ സാങ്കേതികവിദ്യ വിഷന്‍ 2035ന്റെ സമ്പൂര്‍ണ്ണ വിവരണവും മോദി പ്രകാശനം ചെയ്തു. കൂടാതെ 2015-16 വര്‍ഷത്തിലെ ഐഎസ്‌സിഎ അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു.
















