ചണ്ഡീഗഡ്: പഞ്ചാബിലെ വ്യോമസേനാത്താവളം ആക്രമിച്ച ഭീകരര്‍ സൈനിക വേഷം ധരിച്ച് വ്യാഴാഴ്ച രാത്രിയിലാണ് പഞ്ചാബ് പത്താന്‍കോട്ട് എസ്പി സല്‍വിന്ദര്‍ സിംഗിന്റെ കാര്‍ തട്ടിയെടുത്തത്. ഭീകരരാണെന്ന സൂചന ലഭിച്ചതോടെ ഐബിയും മറ്റും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നിരവധി സുരക്ഷാ യോഗങ്ങള്‍ ചേരുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്തിരുന്നു. സൈന്യത്തെയും എന്‍എസ്ജി കമാന്‍ഡോമാരെയും വേ്യാമസേനാത്താവളത്തിലേക്ക് അയക്കുകയും ചെയ്തു.
അന്‍പതു കമാന്‍ഡോകളെയാണ് വെള്ളിയാഴ്ച രാത്രിയില്‍ വിമാനത്തില്‍ അവിടേക്ക് അയച്ചത്. ഇതേസമയം കരസേനാംഗങ്ങളും പത്താന്‍കോട്ട് വ്യോമസേനാത്താളവത്തില്‍ എത്തി.
പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങിയ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എട്ടുമണിയോടെ സമാപിച്ചു. പോലീസും വ്യോമസേനാംഗങ്ങളും കരസൈന്യവും എന്‍എസ്ജി കമാന്‍ഡോകളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ഒരു ഹെലിക്കോപ്ടറും ഏറ്റുമുട്ടലിന് ഉപയോഗിച്ചു.
പിന്നീട് താവളത്തിലും പരിസരത്തും പത്താന്‍കോട്ട് ജമ്മു ദേശീയ പാതയിലും നടത്തിയ തെരച്ചിലില്‍ ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു. കൂടുതല്‍ ഭീകരരുണ്ടോയെന്ന് കണ്ടെത്താനും അവര്‍ ജമ്മുകശ്മീരിലേക്ക് കടക്കുന്നത് തടയാനുമായിരുന്നു പരിശോധന.
മുന്‍കരുതല്‍ എടുക്കാന്‍ കഴിഞ്ഞെങ്കിലും ഭീകരരെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനോ കാര്‍ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഇവരാണ് ശനിയാഴ്ച പുലര്‍ച്ചെ പത്താന്‍കോട്ടിലെ വ്യോമസേനാത്താളം ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചാബിലെ സൈനിക കേന്ദ്രങ്ങള്‍ക്കും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പതിനഞ്ച് ഭീകരര്‍ എങ്കിലും ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സൂചനയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. പത്താന്‍കോട്ടെ താവളത്തിനു പുറമേ പ്രധാനപ്പെട്ട നിരവധി വ്യോമസേനാതാവളങ്ങളാണ് പഞ്ചാബിലുള്ളത്. ജലന്ധറിനു സമീപത്തുള്ള ആദംപൂരിലും ലുധിയാനയ്‌ക്കു സമീപം ഹല്‍വാരയിലും ഭട്ടിണ്ടയിലും വായുസേനയ്‌ക്ക് താവളങ്ങളുണ്ട്. ഇതിനു പുറമേ ജലന്ധറിലും അമൃതസറിലും ഭട്ടിണ്ടയിലും പാട്യാലയിലും കരസേനാ താവളങ്ങളുമുണ്ട്. ഇവയ്‌ക്കെല്ലാം സുരക്ഷ ശക്തമാക്കി. ഇതിനു പുറമെ ദല്‍ഹിയിലുള്ള സേനാകേന്ദ്രങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബില്‍ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ജൂലൈയില്‍ ദീനാനഗറില്‍ ഭീകരര്‍ പോലീസ് സ്‌റ്റേഷനാക്രമിച്ചിരുന്നു. അന്ന് മൂന്നു ഭീകരരെയാണ് വധിച്ചത്. അന്ന് ലഷ്‌ക്കര്‍ ഇ തൊയ്ബയാണ് ആക്രമണം നടത്തിയത്.
എത്തിയത് അഞ്ചു ഭീകരര്‍?
നാലു ഭീകരരെയാണ് സൈന്യം വധിച്ചത്. അഞ്ചു ഭീകരരാണ് ആക്രമണത്തിന് എത്തിയതെന്നാണ് സംശയം. കാരണം വ്യാഴാഴ്ച പത്താന്‍കോട്ട് എസ്പിയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത് അഞ്ചു പേരാണ്. അവരാണ് ഇന്നലെ വ്യോസേനാത്താവളം ആക്രമിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തെരച്ചില്‍ നടത്തുന്ന സമയത്തും വെടിയൊച്ച ഉയര്‍ന്നതായി പറയപ്പെടുന്നു. ഒരു മണിക്കൂറിനു ശേഷമാണ് വെടിയൊച്ച കേട്ടത്. ഡിസംബര്‍ 30ന് ഭീകരര്‍ ഭാരതത്തിലേക്ക് പഞ്ചാബ് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൂചന.
















