ന്യൂദല്‍ഹി: ആദ്യ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടയേും വിദേശയാത്രകള്‍ക്കു വന്ന ചെലവ് 314.76 കോടി രൂപ. ബജറ്റില്‍ വകയിരുത്തിയിരുന്നത് 316.76 കോടിയായിരുന്നു. അതായത് അനുവദിച്ചിരുന്നതിനേക്കാള്‍ രണ്ടു കോടി കുറച്ചാണ് യാത്രകള്‍ക്ക് മോദി സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം യാത്രകള്‍ക്ക് ചെലവായത് 258 കോടി രൂപയായിരുന്നു.അതിനേക്കാള്‍ പ്രാധാന്യം മന്ത്രിമാരുടെ ശമ്പളം, അലവന്‍സ് എന്നിവ വഴി ലാഭിച്ച തുകയാണ്. മുന്‍സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ശമ്പളം, അലവന്‍സ് എന്നിവ വഴിയുള്ള ചെലവില്‍ 17 മുതല്‍ 24 ശതമാനം വരെ കുറവാണ് വന്നത്. 2014 – 2015ല്‍ മന്ത്രിമാരുടെ ശമ്പളയിനത്തില്‍ വന്ന ചെലവ് 3.63 കോടി രൂപയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് 4.69 കോടിയായിരുന്നു.
മോദി സര്‍ക്കാര്‍ അലവന്‍സുകള്‍ക്ക് ചെലവിട്ടത് 7.20 കോടി രൂപയാണ്. മുന്‍സര്‍ക്കാര്‍ ചെലവിട്ടത് 9.44 കോടി രൂപയായിരുന്നു. മന്ത്രിസഭയുടെ വലിപ്പം കുറഞ്ഞു, അതിനാല്‍ ശമ്പള അലവന്‍സ് തുകയും കുറഞ്ഞു. വിദേശയാത്ര നടത്തിയ മന്ത്രിമാരുടെ എണ്ണവും കുറവാണ്. മാത്രമല്ല ചെലവുചുരുക്കല്‍ നടപടികളും കൈക്കൊണ്ടിരുന്നു.
മന്ത്രിമാര്‍, സഹമന്ത്രിമാര്‍, മുന്‍പ്രധാനമന്ത്രിമാര്‍ എന്നിവരുടെ യാത്രാച്ചെലവും, പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവരുടെ വിമാനപരിപാലനച്ചെലവും കൂട്ടിയുള്ളതാണ് സര്‍ക്കാരിന്റെ യാത്രാച്ചെലവ്.
















