പാര്ത്ഥന് വില്ലാളിയാണെങ്കിലും അഹങ്കാരം ചെറുതായിരുന്നില്ല. ഇടയ്ക്ക് ഓരോകൊട്ട് എവിടെ നിന്നെങ്കിലും കിട്ടിക്കൊണ്ടിരുന്നു. അതില്‍നിന്നും ഓരോന്നും പഠിക്കുകയായിരുന്നു അയാള്‍.
തനിക്ക്ശത്രുക്കള് ഏറെയുണ്ടായതിനാലും, ക്ഷത്രിയവംശത്തില്‍ പിറന്നവനായതിനാലും ദിവ്യാസ്ത്രങ്ങള് നേടുവാന്‍ അര്‍ജുനനെ ജ്യേഷ്ഠന് യുധിഷ്ഠിരന് വിളിച്ചുവരുത്തി. ഇന്ദ്രാദി ദേവതമാരെ പ്രീതിപ്പെടുത്തുവാനായി തപസ്സിനു പറഞ്ഞുവിട്ടു. കൊടുംകാട്ടില്‍ പോയി ശാന്തതയോടെ തപസ്സു ചെയ്യുന്നതിനായി പുറപ്പെടുന്നതിനുമുന്പ് ‘പ്രതിസ്മൃതി’ അര്ജുനന് ഉപദേശിച്ചുവിട്ടു. ഇതുമൂലം ശത്രുഭയം അകന്നുപോകും. അതാണാമന്ത്രത്തിന്റെ ശക്തി.
സഹോദരന്മാരടക്കമുള്ള അടുത്തബന്ധുക്കളെ സമീപിച്ച് അനുഗ്രഹം നേടിയാണ് വടക്കുദിക്കിലേക്ക് ലക്ഷ്യംവച്ച് അര്ജുനന് യാത്രയായത്. ഗന്ധമാദന പര്‍വ്വതവും കടന്ന് ഇന്ദ്രകീര്ത്തിയിലെത്തിയപ്പോള് ഒരു മഹര്‍ഷിയുടെ രൂപത്തില്‍ ദേവേന്ദ്രന് അര്‍ജുനനുമുന്നില്‍ പ്രത്യക്ഷമായി. തന്റെ മുന്നില്‍ വന്നെത്തിയ മഹര്‍ഷിയെ അര്ജുനന് തിരിച്ചറിഞ്ഞു. തനിക്ക് ദിവ്യാസ്ത്രങ്ങള് ഉപദേശിച്ചുതരണമെന്ന് പാര്ത്ഥന് വിനീതനായി അഭ്യര്‍ത്ഥിച്ചു. താന്‍ ശ്രീ പരമേശ്വരനെ തപസ്സുചെയ്ത് പാശുപതാസ്ത്രം വാങ്ങുക, അതിനുശേഷം സ്വര്‍ഗ്ഗലോകത്ത് വരുമ്പോള്‍ തനിക്കധീനമായതെല്ലാം ഉപദേശിച്ചുതരാമെന്ന് വാക്കുകൊടുത്ത് ഇന്ദ്രന് അപ്രത്യക്ഷനായി.
ഇന്ദ്രോപദേശം നേടി കൈലാസത്തില്‍ ചെന്ന് ഒറ്റക്കാലില്‍ നിന്ന് ആ മദ്ധ്യമപാണ്ഡവന്‍ തപസ്സാരംഭിച്ചു. അതാവട്ടേ നാലുമാസം നീണ്ടുനിന്നു എന്നാണ് പറയപ്പെടുന്നത്. എന്നിട്ടും മഹാദേവന് വെറുതെ അനുഗ്രഹിക്കുകയായിരുന്നില്ല. ശക്തമായി പരീക്ഷിക്കുകതന്നെ ചെയ്തു. വേടനും, വേടത്തിയുമായി വേഷപ്രച്ഛന്നനായിട്ടാണ് അവര്‍ ആ തപോഭൂമിയിലെത്തിയത്.
ഒരുപന്നിയുടെ വേഷംധരിച്ച് മൂകാസുരന് അര്‍ജുനനെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ കാട്ടാളനും, അര്‍ജുനനും ആ അസുരന്റെ നേര്‍ക്ക് ശരം തൊടുത്തു. അതോടെ ആപന്നിയുടെ കഥയും കഴിഞ്ഞു. പക്ഷേ ആ പന്നിയുടെ അവകാശത്തെ പറ്റി ഇരുവരും തമ്മില്‍ ഭയങ്കര തര്‍ക്കമായി. മല്‍പ്പിടുത്തത്തില്‍ തുടങ്ങി യുദ്ധമായി പരിണമിച്ചു. പാര്‍ത്ഥനെ ഒരു പരുവമാക്കി ചുരുട്ടിക്കൂട്ടി എറിഞ്ഞ് കളിയ്ക്കുകയായിരുന്നു ശ്രീമഹാദേവന്. യുദ്ധത്തിനിടയില്‍ ഇടപെട്ട പാര്‍വതിയെ കളിയാക്കിയതില്‍ ദേഷ്യപ്പെട്ട് ഭഗവതി അര്‍ജുനനെ ശപിച്ചു. അര്‍ജുനന്റെ ശരമൊടുങ്ങാത്ത ആവനാഴി അതോടെ വെറും കാലിയായി.
തന്നെ ജയിക്കാന്‍ ആരുമുണ്ടാവില്ലെന്ന് ഗുരു ദ്രോണാചാര്യര്‍ അര്‍ജുനനെ അനുഗ്രഹിച്ചപ്പോള്‍ അഹന്തതന്നെ അയാള്‍ക്കുള്ളില്‍ പെരുകുകയായിരുന്നു . അതിനൊക്കെ അവസാനമായത് ആ കാട്ടാളന്റെമുന്നില് തോറ്റതോടെയാണ്. അതില്‍ മനംനൊന്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെ ശ്രീമഹാദേവനും ഭഗവതിയും വരങ്ങളും പാശുപതാസ്ത്രവുമായി മതിമറന്ന് അര്‍ജുനനെ അനുഗ്രഹിച്ചു.തന്നെയുമല്ല വരുണന്, കുബേരന്, യമധര്മ്മന് എന്നിദേവന്മാരും അവിടെ അനുഗ്രഹവുമായി എത്തിച്ചേര്‍ന്നു. ഒട്ടനവധി ദിവ്യാസ്ത്രങ്ങള് വില്ലാളിവീരന്‍ നല്കി അനുഗ്രഹിക്കുകയുണ്ടായി.
















