മാനന്തവാടി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള ആദ്യകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാവ് രൂപേഷിനെതിരെയുള്ള ആദ്യകുറ്റപത്രമാണ് വയനാട്ടില്‍ മാനന്തവാടി ഡവൈഎസ്പി ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്.
മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പോലീസുകാരന് പ്രമോദിന്റെ മട്ടിലയത്തെ വീട്ടിലെത്തി ഭീഷണിപെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് രൂപേഷ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി രൂപേഷ്, രണ്ടാം പ്രതി അനു, മൂന്നാം പ്രതി ജയണ്ണ, നാലാം പ്രതി സുന്ദരി, അഞ്ചാം പ്രതി കന്യകുമാരി, ആറാം പ്രതി രജീഷ്, ഏഴാം പ്രതി അനൂപ്, എട്ടാം പ്രതി ഇബ്രാഹിം എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികള്‍. സുന്ദരി, അനു, ജയണ്ണ, കന്യകുമാരി എന്നിവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രൂപേഷ്, രജീഷ്, അനൂപ്, ഇബ്രാഹിം എന്നിവരെ പലയിടങ്ങളില്‍നിന്നായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രജീഷ് ജാമ്യത്തിലിറങ്ങിയിട്ടുമുണ്ട്.
2014 ഏപ്രില്‍ 24ന് രാത്രി പത്ത് മണിയോടെയാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പ്രമോദിന്റെ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയും ഭീഷണിപെടുത്തുകയും ചുമരില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന പ്രേംകുമാര്‍, സിഐമാരായ ബിജുരാജ്, പി.എല്‍.ഷൈജു, വെള്ളമുണ്ട എസ്ഐ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. 2015 മെയ് നാലിന് കോയമ്പത്തൂര്‍ പോലീസിന്റെ പിടിയിലായ രൂപേഷിനെ കേസുമായി ബന്ധപ്പെട്ട് സപ്തംബറില്‍ കുഞ്ഞോത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 720 പേജുള്ള കുറ്റപത്രത്തില്‍ 121 തെളിവുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ, 124 എ പ്രകാരമുള്ള രാജ്യദ്രോഹം, ഗൂഢാലോചന, തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ അംഗത്വമെടുത്തുള്ള പ്രവര്‍ത്തനം, ബൈക്ക് കത്തിക്കല്‍, വീട്ടില്‍ കയറി അക്രമം, ആയുധം കൈവശംവെക്കല്‍, എന്നീ കുറ്റങ്ങളാണ് രൂപേഷിനെതിരെ ചുമത്തിയത്. സംസ്ഥാനത്ത് 20 കേസുകളാണ് രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പത്ത് കേസുകള്‍ വയനാട്ടിലാണ്. മാനന്തവാടി ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ശനിയാഴ്ച്ച ഉച്ചയോടെയാണ് രൂപേഷിനെ ജില്ലാസെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: