പൂനെ: ഒന്നരലക്ഷത്തിലേറെ സ്വയം സേവകര്‍ പൂര്‍ണ്ണ ഗണവേഷത്തില്‍ പങ്കെടുക്കുന്ന വിശാല മഹാ സമ്മേളനമായ ശിവശക്തി സംഗമത്തിന് പൂനെയില്‍ ആര്‍എസ്എസ് ഒരുങ്ങി. നാളെയാണ് പരിപാടി. പശ്ചിമ മഹാരാഷ്‌ട്രയിലെ പൂനെ, നാസിക്, അഹമ്മദ് നഗര്‍, സതാര, സാങ്ഗ്ലി, സോലാപൂര്‍, കോലാപൂര്‍ എന്നീ ഏഴു ജില്ലകളില്‍നിന്നുള്ള സ്വയം സേവകരാണ് പങ്കെടുക്കുന്നത്. പൂനെ ഹിഞ്‌ജേവാഡി ഐടി പാര്‍ക്കിനടുത്തുള്ള 450 ഏക്കര്‍ പ്രദേശത്ത് ഇൗ വിശാല സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഞായറാഴ്ച നടക്കുന്ന സമ്മേളനത്തെ വൈകിട്ട് മൂന്നു മണിക്ക് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യും. സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും പങ്കെടുക്കും. റായ്ഗഢ് കോട്ടയുടെ മാതൃകയില്‍ പ്രസിദ്ധ കലാകാരന്‍ നിതിന്‍ ദേശായി തയ്യാറാക്കിയ വേദിയിലാണ് സര്‍സംഘചാലക് പ്രസംഗിക്കുന്നത്.
പൂനെയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഘ പരിപാടിയായിരിക്കും ഇത്. കനത്ത സുരക്ഷയുടെ ഭാഗമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു വിതരണം ചെയ്തിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ളവരെയേ പ്രവേശിപ്പിക്കുകയുള്ളു. ഇന്നലെവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1,83,600 പേരാണ്. വിശാലമായ വേദിയുള്‍പ്പെടെ സംവിധാനങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
രണ്ടായിരം പേരുടെ ബാന്‍ഡു സംഘം ഉണ്ടാകും. ഗണവേഷ ധാരികളല്ലാത്ത അര ലക്ഷം പേര്‍ക്ക് സമ്മേളനസ്ഥലത്ത് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. 3500 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പന്തലിട്ട് സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 15000 ജാറുകളില്‍ കുടിവെള്ളം സംഭരിച്ചിട്ടുണ്ട്. ആയിരം ദിവസത്തെ ആസൂത്രണത്തിന്റെ സാക്ഷാത്കാരമായ ഈ സമ്മേളനം നഗരത്തില്‍ ഒരിടത്തും ഒരു തരത്തിലുമുള്ള ട്രാഫിക് തടസങ്ങളും ഉണ്ടാക്കാത്ത തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
പരിസ്ഥിതിയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കാത്ത തരത്തിലാണ് ഈ മഹാ സമ്മേളനം തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടന ചുമതല വഹിക്കുന്ന ബാപു ഘട്പാണ്ഡെ പറഞ്ഞു. വമ്പന്‍ ശബ്ദ ഘോഷമുണ്ടാക്കുന്ന സ്പീക്കര്‍ സംവിധാനങ്ങളില്ല. മെഗാ ഫോണുകളാണ് പകരം ഉപയോഗിക്കുന്നത്. ഭക്ഷണം പരിസ്ഥിതി സൗഹാര്‍ദ്ദമായി ഇലകള്‍ കൊണ്ടുണ്ടാക്കിയ പാത്രത്തിലായിരിക്കും വിതരണം ചെയ്യുന്നത്.
















