പള്ളുരുത്തി: പുതുവത്സര ആഘോഷത്തിന്റെ മറവില്‍ പൊതുറോഡുകളില്‍ ഹിന്ദു ആരാധാനാമൂര്‍ത്തികളുടെ ചിത്രം വരച്ച് അവഹേളിക്കാന്‍ നീക്കം. തോപ്പുംപടി പപ്പങ്ങാമുക്ക് ജങ്ഷനിലും. ഫോര്‍ട്ടുകൊച്ചി കാര്‍ത്തികേയ ക്ഷേത്രത്തിനുമുന്നിലെ റോഡിലുമാണ് പുതുവത്സരദിനത്തില്‍ ചിത്രങ്ങള്‍ കാണപ്പെട്ടത്. ബഹുവര്‍ണ കളറില്‍ പരമശിവന്റെ ചിത്രമാണ് നടുറോഡില്‍ വരച്ചത്.
ചിത്രം റോഡില്‍ വരത് ശ്രദ്ധയില്‍പ്പെട്ട വിശ്വാസികള്‍ സമീപത്ത് തടിച്ചുകൂടി. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുടെ മുന്നില്‍ സംഭവം അവതരിപ്പിച്ചു.
തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഇടപെട്ട് ചിത്രങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തോപ്പുംപടി പോലീസിന്റെ നേതൃത്വത്തില്‍ റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ട് ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞു.
കാര്‍ണിവല്‍ നടക്കുന്ന ഫോര്‍ട്ടുകൊച്ചിക്ക് സമീപം ഇത് നടത്തിയത് ബോധപൂര്‍വമാണെന്ന് ഐക്യവേദി താലൂക്ക് സെക്രട്ടറി പി.പി. മനോജ് പറഞ്ഞു.
ഹൈന്ദവവികാരം ഉണര്‍ത്തി സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കണമെന്ന ബോധപൂര്‍വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്നും പൊതുറോഡില്‍ ചിത്രം വരച്ചുകൊണ്ട് ഹിന്ദു ആരാധനാമൂര്‍ത്തികളെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു. ആര്‍. ഭരത്കുമാര്‍, ശിവകുമാര്‍ കമ്മത്ത്, അഡ്വ. കാര്‍ത്തിക്, എസ്.ആര്‍. ബിജു, ഷൈന്‍ കൂട്ടുങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
















