കൊല്‍ക്കത്ത: റെയില്‍ യാത്രയ്‌ക്കിടെ അവശനിലയിലായ പിഞ്ചുകുട്ടിയുടെ ജീവന്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ സമയോചിത ഇടപെല്‍മൂലം രക്ഷിക്കാനായി. ബുധനാഴ്ചയാണ് സംഭവം. വിപ്രോയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശങ്കര്‍ പണ്ഡിറ്റിനും അമ്മയ്‌ക്കുമൊപ്പം ഭഗല്‍പൂര്‍- ബെംഗളൂരു അങ്ക എക്‌സ്പ്രസില്‍ കിയോളിലെ ബന്ധുഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് രണ്ടുവയസുകാരി ബന്‍ഗശിഖയുടെ ആരോഗ്യസ്ഥിതി വഷളായത്. ടൂ ടയര്‍ എസി കമ്പാര്‍ട്ടുമെന്റില്‍ കയറി യാത്ര ആരംഭിച്ചതോടെ കുട്ടിയ്‌ക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ട്രെയിന്‍ ജീവനക്കാരും മറ്റ് യാത്രക്കാരും സഹായഹസ്തവുമായി എത്തിയെങ്കിലും രോഗാവസ്ഥയില്‍ മാറ്റം വന്നില്ല.
പരിചയമില്ലാത്ത സ്ഥലം. കൈവശം ലഗേജും. പെട്ടെന്ന് സ്റ്റേഷനിലിറങ്ങി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ മെഡിക്കല്‍ സംവിധാനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയായിരുന്നു. സന്ദേശം അയച്ച് മിനിട്ടുകള്‍ക്കുള്ളില്‍ റെയില്‍ മന്ത്രാലത്തില്‍ നിന്നും ഫോണ്‍ വിളിക്കുകയും ട്രയിന്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു. വൈകീട്ട് 8.50ഓടെ തൊട്ടടുത്ത സ്‌റ്റേഷനായ അസനോളില്‍ ബന്‍ഗശിഖയുമായി ഇറങ്ങുമ്പോള്‍ എല്ലാവിധ സംവിധാനങ്ങളോടുംകൂടി മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സും തയ്യാറാക്കി നിര്‍ത്തിയിരുന്നു. കൂടാതെ ഈസ്റ്റേണ്‍ റെയില്‍വേ മന്ത്രാലയവുമായി മന്ത്രി നേരിട്ട് അന്വേഷണം നടത്തി വിശദാംശങ്ങളും ആരാഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വൈദ്യസംഘം കുഞ്ഞിനെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിച്ച കുഞ്ഞ് സുഖം പ്രാപിക്കുകയും പിറ്റേന്നുതന്നെ കുടുംബം ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കുക മാത്രമല്ല ഇടയ്‌ക്കുവെച്ച് മുറിഞ്ഞ യാത്ര തുടരാനും സുരേഷ് പ്രഭു അനുമതി നല്‍കിയെന്നും ശങ്കര്‍ പണ്ഡിറ്റ് അറിയിച്ചു. അസന്‍സോള്‍ മുതല്‍ ബെംഗളൂരുവരെയുള്ള ടിക്കറ്റും റെയില്‍വേ അധികൃതര്‍ ഉറപ്പാക്കി നല്‍കി. ഇത്തരമൊരു അടിയന്തരസഹായം കേന്ദ്രമന്ത്രിയുടെ പക്കല്‍ നിന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിശയിപ്പിക്കുന്നതായിരുനെന്നും ശങ്കര്‍ പണ്ഡിറ്റ് കുട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പ് വിശന്നുവലഞ്ഞ കുഞ്ഞിന് ഒരിക്കല്‍ പാല്‍ എത്തിച്ചതുള്‍പ്പടെ മുന്‍പ് പല തവണ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ യാത്രക്കാര്‍ക്ക് സഹായകമായിട്ടുണ്ട്.
















