ന്യൂദല്‍ഹി: വിദേശ ഏജന്‍സികള്‍ക്കും ഭീകര സംഘടനകള്‍ക്കും രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് തടയിടാന്‍ ഹാക്കര്‍മാര്‍ രംഗത്ത്. വിരമിച്ചതും ഇപ്പോള്‍ സര്‍വീസിലിരിക്കുന്നവരുമായ സൈനികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സോഷ്യല്‍ മാധ്യമങ്ങളിലെ ആശയവിനിമയങ്ങള്‍ ഹാക്കര്‍മാര്‍ നിരീക്ഷിക്കും.
സൈനികരും പ്രതിരോധ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരും വിദേശ ഏജന്‍സികള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഭാരതീയരായ ഹാക്കര്‍മാരുടെ കൂട്ടായ്‌മയായ ‘അനോണിമസ് ഇന്ത്യ’ നിരീക്ഷണവുമായി എത്തിയിട്ടുള്ളത്. നിയമവിരുദ്ധമായ പ്രവൃത്തിയാണെങ്കിലും രാജ്യതാത്പര്യം മുന്‍നിര്‍ത്തി തങ്ങള്‍ അതിന് തുനിയുകയാണെന്ന് ഹാക്കര്‍മാരുടെ പ്രതിനിധികള്‍ പറഞ്ഞു.
രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതായി അറിഞ്ഞാല്‍ ഉടന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ വിവരമറിയിക്കും. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് യുദ്ധവിമാനങ്ങളുടെ വിന്യാസമടക്കം നിര്‍ണായക രഹസ്യങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയത്.
















