നാദാപുരം: ഒരുകാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന നാദാപുരം താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയകെട്ടിടം ഉയര്‍ന്നെങ്കിലും ഉദ്ഘാടനത്തിന് ആര് കനിയണം എന്ന ചോദ്യമാണ് നാട്ടുകാര്‍ക്ക്. മലയോര മേഖലയായ വളയം, വാണിമേല്‍, വിലങ്ങാട്, ചെക്യാട്, അഭയഗിരി എന്നീ പ്രദേശങ്ങളെ ആദിവാസികള്‍ അടക്കമുള്ള രോഗികള്‍ക്ക് ഏകആശ്രയമാണ് ഈ ആതുരാലയം. പ്രസവം, ഓപ്പറേഷന്‍ അടക്കം നടന്നിരുന്ന ഈ ആശുപത്രി മാറി മാറി വന്ന ഇടത്-വലത് കക്ഷികള്‍ നടത്തിയ രാഷ്‌ട്രിയ മുതലെടുപ്പിന് ഇരയായി വികസനം മുരടിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ചു എക്‌സ്‌റെ മെഷീന്‍ ഇവിടെ സ്ഥാപിച്ചെങ്കിലും ഒരു ദിവസം പോലും ഇതിന്റെ ഗുണം രോഗികള്‍ക്ക് ലഭിച്ചില്ല. ഉപകരണം ഇപ്പോള്‍ ഇവിടെ തുരുമ്പെടുത്തു നശിക്കുന്നു. നാല് വര്‍ഷം മുന്‍പാണ് സ്വകാര്യ വ്യക്തിയ്‌ക്ക് കരാര്‍ നല്‍കിയത് മൂന്ന് കോടി രൂപ ആയിരുന്നു അടങ്കല്‍ തുക നാല് നിലകള്‍ ഉള്ള ഈ കെട്ടിടം അത്യാധുനിക സംവിധാനത്തോടെ കഴിഞ്ഞ മാസം പ്രവൃത്തി പൂര്‍ത്തിയായി. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വയറിംഗ് പ്രവൃത്തി ഇതുവരെ നടന്നിട്ടില്ല. വയറിംഗ് നടത്താന്‍ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും തുക കുറവാണെന്ന കാരണത്താല്‍ കരാറുകാര്‍ പിന്‍വാങ്ങുകയായിരുന്നു. കെട്ടിടം തുറക്കുന്നതോടെ നാദാപുരം ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
















