പാട്ന: അധികാരത്തിലേറി ചുരുങ്ങിയ നാള്‍ക്കുള്ളില്‍ ബീഹാറിലെ ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനെ തുടര്‍ന്നാണ് മുന്നണിയിലെ ഭിന്നത പുറത്തായത്. മുഖ്യമന്ത്രി ക്രമസമാധാന പരിപാലനം കാര്യക്ഷമമായി ശ്രദ്ധിക്കണമെന്ന് ആര്‍ജെഡി ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ പ്രസാദ് സിങ് പറഞ്ഞു. ആര്‍ജെഡിയുടെ ആരോപണങ്ങള്‍ക്കെതിരെ ജെഡിയു നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
ബീഹാറിലെ ദര്‍ഭംഗയിലെ എഞ്ചിനീയര്‍മാരുടെ കൊലപാതകത്തെ തുടര്‍ന്നാണ് ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ ഇരുപാര്‍ട്ടി നേതൃത്വവും തമ്മില്‍ വാക്പയറ്റ്. ബീഹാറില്‍ കാട്ടുഭരണം വീണ്ടും തിരിച്ചെത്തിയെന്നും ലാലുപ്രസാദ് യാദവിന്റെ സര്‍ക്കാരിലെ സാന്നിധ്യമാണ് ഇതിനു കാരണമെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ പിന്സീറ്റിലാണിരിക്കുന്നതെന്നും ജെഡിയു ആണ് മുന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കുന്നതെന്നും ആര്‍ജെഡി നേതാക്കള്‍ പറയുന്നു.
ക്രമസമാധാന നില പരിപാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഡ്രൈവര്‍ സീറ്റിലിരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ജെഡി നേതാവ് രഘുവംശ പ്രസാദ് സിങ് ആവശ്യപ്പെട്ടു. ജെഡിയു നേതാക്കള്‍ക്ക് ജയ് വിളികള്‍ കേള്‍ക്കണമെന്ന് മാത്രമേയുള്ളെന്നും ജനങ്ങള്‍ക്ക് ശല്യമാകുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സിങ് പറഞ്ഞു.
ബീഹാറിലെ കാട്ടുഭരണത്തിലേക്ക് നയിച്ച മോശം ട്രാക്ക് റിക്കോര്‍ഡുള്ള നേതാവാണ് രഘുവംശ പ്രസാദ് സിങെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് ശ്യാം രജക് പ്രതികരിച്ചിട്ടുണ്ട്. ആര്‍ജെഡിയില്‍ നിന്നും ക്രമസമാധാനം സംബന്ധിച്ച ഉപദേശത്തിന്റെ ആവശ്യം ജെഡിയുവിനില്ലെന്നും ശ്യാം രജക് പറഞ്ഞു.
















