ന്യൂദല്‍ഹി: കേന്ദ്ര സര്‍വ്വീസിലുള്ള ഐഎഎസ് , ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഭയവും ആശങ്കയുമില്ലാതെ പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. ഇനി ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി വേണം. ഇന്നലെയിറങ്ങിയ പുതുക്കിയ കേന്ദ്ര സര്‍വ്വീസ് ചട്ടത്തില്‍ പറയുന്നു.
രാഷ്ട്രീയപരമായ വേട്ടയാടല്‍ ഉണ്ടാകുമെന്നും സസ്പെന്ഷന് ലഭിക്കുമെന്നും ഭയന്ന് മിക്ക ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും തന്റേടത്തോടെ തീരുമാനങ്ങളും നടപടികളും എടുക്കാന്‍ മടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് ഒഴിവാക്കി അവരെ കര്മ്മനിരതരാക്കാനാണ് പുതിയ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ സസ്പെന്‍ഡ് ചെയ്താല്‍ വിവരം 48 മണിക്കൂറിനുള്ളില്‍ കേന്ദ്രത്തെ അറിയിക്കണം. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും നല്‍കണം.
ചട്ടം വ്യക്തമാക്കുന്നു. അശോക് ഖേംക, ദുര്‍ഗ ശക്തി നാഗ്പാല്‍, കുല്‍ദീപ് നാരായണ്‍ തുടങ്ങിയവര്‍ക്ക് നേരിട്ട ദുരതം കൂടി കണക്കിലെടുത്താണ് പുതിയ വ്യവസ്ഥ സര്‍വ്വീസ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ വേട്ടയാടിയ സമര്‍ഥരും സത്യസന്ധരുമായ ഐഎഎസ് ഉദ്യോഗസ്ഥരാണ് മൂവരും. ബ്യൂറോക്രസിയിലെ അഴിമതി തടയുകയാണ് ലക്ഷ്യം. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ നല്ല അന്തരീക്ഷം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇത് അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടാനും സഹായിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പുതിയ ചട്ടം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രോല്‍സാഹനം നല്‍കും, അവര്‍ക്ക് നീതിയുറപ്പാക്കും. അദ്ദേഹം തുടര്‍ന്നു.
കുറഞ്ഞ സസ്പെന്ഷന് കാലാവധി ഇപ്പോള്‍ മൂന്നുമാസമാണ്. അത് രണ്ടു മാസമായി വെട്ടിക്കുറച്ചിട്ടുമുണ്ട്. ഇത് പരമാവധി നാലു മാസം വരെയേ ഇനി ദീര്‍ഘിപ്പിക്കാന്‍ കഴിയൂ. നിലവില്‍ ഇത് ആറുമാസം വരെ ദീര്‍ഘിപ്പിക്കാം.
അതത് മന്ത്രിയുടെ അനുമതിയോടെ കേന്ദ്ര റിവ്യൂ സമിതി ശുപാര്‍ശ ചെയ്താല്‍ മാത്രമേ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയൂ. അതിനു പുറമേ ഇനി പ്രധാനമന്ത്രിയുടെ അനുമതിയും വേണം. സസ്പെന്‍ഡ് ചെയ്താല്‍ വിവരം ഉടന്‍ കേന്ദ്രത്തെ അറിയിക്കണം. സസ്പെന്ഷന് ഉത്തരവും അതിന്റെ കരാണങ്ങള്‍ അടങ്ങിയ കത്തും സഹിതം ഇക്കാര്യം 48 മണിക്കൂറിനകം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കണം. ചട്ടത്തില്‍ പറയുന്നു.
















