ന്യൂദല്‍ഹി : പുതുവര്‍ഷത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി.
ആക്രമണത്തിനായി ഇരുപതോ അതിലധികമോ ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞു കയറിയെന്നാണ് രഹസ്യവിവരം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രിയും പാര്‍ലമെന്റ് മന്ദിരവും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നാണ് സൂചനകള്‍. സൗത്ത് ബ്ലോക്കിലെ സൈനിക ആസ്ഥാനവും ആണവ കേന്ദ്രങ്ങളും ഭീകരര്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
തിരക്കുള്ള റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ചന്ത, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
















