ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് രാജ്യരക്ഷാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍. വ്യോമസേനയില്‍ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി എയര്‍മാന്‍ കെ കെ രഞ്ജിത്ത് ആണ് ദല്‍ഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ വച്ച് വിലപ്പെട്ട വിവരങ്ങള്‍ കൈമാറുന്ന സമയത്താണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. നാലു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയാണ്. ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ വ്യോമസേനയില്‍ നിന്ന് കോര്‍ട്ട് മാര്‍ഷല്‍ നടത്തി പുറത്താക്കിയിരുന്നു. ഇന്നലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാലു ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
2010ല്‍ വ്യോമസേനയില്‍ ചേര്‍ന്ന ഇയാള്‍ ഭട്ടിന്‍ഡ വ്യോമസേനാത്താവളത്തിലെ ലീഡിംഗ് എയര്‍മാനായിരുന്നു. ദല്‍ഹി കേന്ദ്രമാക്കിയുള്ള ചാരശൃംഖലയിലെ അംഗമാണിയാളെന്ന് കരുതപ്പെടുന്നു. ഇ മെയിലിലാണ് ഇയാള്‍ വിലപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഒരു യുവതിയാണ് രഞ്ജിത്തിനെ ചാരവൃത്തിയിലേക്ക് ആനയിച്ചത്. തന്നെ കുടുക്കിയതാണെന്നാണ് രഞ്ജിത്തിന്റെ വാദം.യുദ്ധവിമാനങ്ങളുടെ വിന്യാസം, അവയുടെ താവളങ്ങള്‍, സേനാത്താവളങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഇയാള്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം. അതേസമയം ഇവരുമായി ഇന്നലെ അറസ്റ്റിലായ രഞ്ജിത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തെളിയിക്കാന്‍ പോലീസിനായിട്ടില്ല.
















