ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോറിലെ സാദാ ഹെഡ് കോണ്‍സ്റ്റബിളിന് കോടികളുടെ ആസ്തി. തിങ്കളാഴ്ച അഴിമതി വിരുദ്ധ ലോകായുക്തയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജബല്‍പൂര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അരുണ്‍ സിങ്ങിന് കോടികളുടെ ആസ്തിയുള്ളതായി കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് വീടുകളും, ആറ് പ്ലോട്ടുകളും മൂന്നു കാറുകളും ഒരു എസ്‌യുവിയുമാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്.
ഇത് തെളിയിക്കുന്ന രേഖകളും ലോകായുക്ത കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ബാങ്ക് ലോക്കറുകളില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള 132 ഗ്രാം സ്വര്‍ണ്ണവും 2 കിലോഗ്രാം വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. 32 വര്‍ഷത്തെ സര്‍വ്വീസാണ് അരുണ്‍ സിങ്ങിനുള്ളത്. ഈ കാലയളില്‍ ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ഇയാള്‍ക്ക് ശമ്പളമായി ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇയാളുടെ ആസ്തി കോടികള്‍ വിലമതിക്കുന്നതാണ്.
അരുണ്‍ സിങ്ങിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോകായുക്തയേയും പോലീസിനേയും ഞെട്ടിച്ച ആസ്തി കണ്ടെത്തിയത്. ഇയാളുടെ ഇന്‍ഡോര്‍ അന്നപൂര്‍ണ്ണയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. 6000 ചതുരശ്രയടി വീതമുള്ള രണ്ട് പ്ലോട്ടുകളും, രണ്ട് ഫാം ഹൗസുകളുമാണ് ഇയാള്‍ക്കുള്ളത്. അതില്‍ ഒരെണ്ണം അരുണ്‍ സിങിന്റെ ഭാര്യയുടേയും മറ്റേത് മകന്റേയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ രേവയില്‍ ബോഗ്ബല്‍ എന്ന പേരില്‍ ഒരുവീടും നരേന്ദ്ര നഗറില്‍ ഭൂമിയുമുള്ളതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
മൂന്നുമാസം മുമ്പാണ് അരുണ്‍ സിങ്ങിന് ജബല്‍പൂരിലേക്ക് സ്ഥലമാറ്റം ലഭിച്ചത്. എന്നാല്‍ സ്ഥലമാറ്റ ഉത്തരവ് ലഭിച്ച് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ആര്‍ടിഒ ഇയാള്‍ക്കെതിരെ ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇതിനു മുമ്പ് സേന്ധ്വയിലാണ് അരുണ്‍ സിംങ് ജോലി ചെയ്തിരുന്നത്.
















